ലോക്ക് ഡൗൺ ലംഘിച്ച് പ്രഭാത സവാരി; കൊച്ചിയിൽ 2 സ്ത്രീകളടക്കം 41 പേർ അറസ്റ്റിൽ

ലോക്ക് ഡൗൺ ലംഘിച്ച് പ്രഭാത സവാരി; കൊച്ചിയിൽ 2 സ്ത്രീകളടക്കം 41 പേർ അറസ്റ്റിൽ

ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച് പ്രഭാത സവാരിക്കിറങ്ങിയ 41 പേർ കൊച്ചിയിൽ അറസ്റ്റിൽ. രണ്ട് സ്ത്രീകളടക്കമാണ് അറസ്റ്റിലായത്. കൊച്ചിയിലെ അതിസമ്പന്നർ താമസിക്കുന്ന മേഖലയായ പനമ്പള്ളി നഗറിലെ വാക്ക് വേയിലാണ് ഇവർ പ്രഭാത സവാരി നടത്തിയത്.

പോലീസിന്റെ ഡ്രോൺ ക്യാമറയിലാണ് ഇവർ കുടുങ്ങിയത്. എപ്പിഡെമിക് ഡിസീസസ് ആക്ട് അനുസരിച്ചാണ് ഇവർക്കെതിരെ കേസെടുത്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ലോക്ക് ഡൗൺ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു.

പനമ്പള്ളി നഗറിൽ നിർദേശങ്ങൾക്ക് പുല്ലുവില നൽകി ആളുകൾ കൂട്ടത്തോടെ പ്രഭാത, സായാഹ്ന സവാരിക്ക് ഇറങ്ങുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്നാണ് ഡ്രോൺ നിരീക്ഷണം നടത്തിയത്.

എറണാകുളം സിറ്റി പരിധിയിൽ ഇന്നലെ മാത്രം ലോക്ക് ഡൗൺ ലംഘനത്തിന്റെ പേരിൽ 71 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 74 പേർ അറസ്റ്റിലായി. 62 വാഹനങ്ങളും പിടിച്ചെടുത്തു. റൂറൽ പരിധിയിൽ 92 കേസുകൾ രജിസ്റ്റർ ചെയ്തു. 27 പേർ അറസ്റ്റിലായി. 61 വാഹനങ്ങൾ പിടിച്ചെടുത്തു.

Share this story