കാസർഗോട്ടേയ്ക്ക് തിരിച്ച മെഡിക്കൽ സംഘത്തെ അഭിനന്ദിച്ച് മന്ത്രി കെ കെ ശൈലജ

കാസർഗോട്ടേയ്ക്ക് തിരിച്ച മെഡിക്കൽ സംഘത്തെ അഭിനന്ദിച്ച് മന്ത്രി കെ കെ ശൈലജ

കൊവിഡ് പ്രതിരോധത്തിനായി കാസർഗോട്ടേയ്ക്ക് തിരിച്ച തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ വിദഗ്ധ സംഘത്തെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ. മെഡിക്കൽ സംഘത്തിന്റെ പ്രവർത്തനം ത്യാഗപൂർണമാണെന്ന് മന്ത്രി പറഞ്ഞു.

മെഡിക്കൽ സംഘത്തെ യാത്രയയ്ക്കാൻ മന്ത്രി നേരിട്ടെത്തി. എല്ലാവരേയും മന്ത്രി അഭിനന്ദിച്ചു. മാധ്യമങ്ങളെ കണ്ട മന്ത്രി റാപ്പിഡ് ടെസ്റ്റിന്റെ ഫലം വൈകിട്ടോടെ ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ 28 അംഗ സംഘമാണ് കാസർഗോട്ടേയ്ക്ക് തിരിച്ചിരിക്കുന്നത്. മെഡിക്കൽ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ് എസ് സന്തോഷ് കുമാറാണ് സംഘത്തെ നയിക്കുന്നത്. ഡോക്ടർമാർക്കൊപ്പം നഴ്‌സുമാരും സംഘത്തിലുണ്ട്.

സംസ്ഥാനത്ത് ഏറ്റവും അധികം കൊവിഡ് രോഗബാധിതരുള്ളത് കാസർഗോഡാണ്. ഇന്നലെ ആറ് പേർക്ക് കൂടി കാസർഗോഡ് രോഗം സ്ഥിരീകരിച്ചിരുന്നു. പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ 3 പേർ ദുബായിൽ നിന്നും ഒരാൾ നിസാമുദ്ദീനിൽ നിന്നും വന്ന ആളാണ്.

രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം പടർന്നത്. കാസർഗോഡ് മുനിസിപ്പാലിറ്റി, ഉദുമ, മുളിയാർ, ബദിയടുക്ക സ്വദേശികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 4 പുരുഷന്മാരും 2 സ്ത്രീകളും ഉൾപ്പെടുന്നു.

Share this story