പ്രവാസികൾ കൂട്ടത്തോടെ മടങ്ങിയെത്തിയാൽ സ്ഥിതി എങ്ങനെ കൈകാര്യം ചെയ്യും: ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി

പ്രവാസികൾ കൂട്ടത്തോടെ മടങ്ങിയെത്തിയാൽ സ്ഥിതി എങ്ങനെ കൈകാര്യം ചെയ്യും: ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരനെ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ ഒരാഴ്ചക്കുള്ളിൽ നിലപാട് വ്യക്തമാക്കണമെന്ന് കേന്ദ്രസർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. ഈ മാസം 17ന് മറുപടി നൽകാനാണ് നിർദേശം

പ്രവാസികളെ തിരികെയെത്തിക്കുന്നതിൽ നയപരമായ തീരുമാനം കേന്ദ്രം സ്വീകരിച്ചിട്ടുണ്ടോയെന്നും യുഎഇയിൽ ഉള്ള ഇന്ത്യക്കാരുടെ കാര്യത്തിൽ ഇതുവരെ സ്വീകരിച്ച നടപടികളുമാണ് അറിയിക്കേണ്ടത്. നിലവിലെ സാഹചര്യത്തിൽ വിദേശത്തുള്ളവരെ കൊണ്ടുവരുമ്പോൾ അതീവ ജാഗ്രത പുലർത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു

പ്രവാസികൾ കൂട്ടത്തോടെ മടങ്ങിയെത്തുമ്പോൾ സംസ്ഥാനത്തിന് അത്തരം സാഹചര്യം കൈകാര്യം ചെയ്യാനാകുമോയെന്നതിൽ കോടതി ആശങ്ക പ്രകടിപ്പിച്ചു. കൊവിഡ് പ്രതിരോധത്തിൽ കേരളത്തിന്റെ പ്രവർത്തനം മാതൃകയാണ്. ലോക രാഷ്ട്രങ്ങൾ അത് അംഗീകരിച്ചതുമാണ്. എന്നാൽ മടങ്ങിയെത്തുന്നതിൽ ഒരാൾക്കെങ്കിലും കൊവിഡ് ഉണ്ടായാൽ ഇതുവരെ സ്വീകരിച്ച നടപടികൾ വെറുതെയാകില്ലേ എന്നും കോടതി ചോദിച്ചു

അതേസമയം വിസിറ്റിംഗ് വിസയിൽ എത്തി കുടുങ്ങിപ്പോയവർ, വിസാ കാലവധി കഴിഞ്ഞവർ തുടങ്ങിയവരെ മുൻഗണനാ പ്രകാരം നാട്ടിലെത്തിക്കാനാണ് ഹർജിക്കാർ ആവശ്യപ്പെട്ടത്. ഗൾഫിൽ എത്രപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് അറിയാൻ ഓൺലൈൻ പോർട്ടൽ ആരംഭിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

Share this story