കേരളത്തിന് ആശ്വാസ ദിനം; ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഒരാൾക്ക് മാത്രം

കേരളത്തിന് ആശ്വാസ ദിനം; ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഒരാൾക്ക് മാത്രം

സംസ്ഥാനത്തിന് ഇന്ന് അശ്വാസ ദിനം. ഒരാൾക്ക് മാത്രമാണ് ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. കണ്ണൂർ ജില്ലയിൽ നിന്നയാൾക്കാണ് രോഗബാധ. ഇയാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു

ഇന്ന് ഏഴ് പേർക്ക് രോഗം ഭേദമായിട്ടുണ്ട്. കൂടാതെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണവും കുത്തനെ കുറഞ്ഞു. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ലക്ഷത്തിൽ താഴെയെത്തി.

ലോക്ക് ഡൗണിൽ ഏപ്രിൽ 20ന് ശേഷം എന്തെല്ലാം ഇളവുകൾ പ്രഖ്യാപിക്കണമെന്ന് നാളെ തീരുമാനിക്കും. നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തിലാകും തീരുമാനം.

കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്തെ ജില്ലകൾ കേന്ദ്രസർക്കാർ മൂന്നായി തരം തിരിക്കും. ഹോട്ട് സ്‌പോട്ട് ജില്ലകൾ, നോൺ ഹോട്ട് സ്‌പോട്ട് ജില്ലകൾ, ഗ്രീൻ സോൺ ജില്ലകൾ എന്നിങ്ങനെയാണ് തരംതിരിക്കുക. ദിവസങ്ങൾക്കുള്ളിൽ ഇത് പൂർത്തിയാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗർവാൾ അറിയിച്ചു

നിരവധി കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ലകൾ ഹോട്ട് സ്‌പോട്ട് ജില്ല വിഭാഗത്തിൽ ഉൾപ്പെടും. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് ഈ ജില്ലകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. പ്രദേശങ്ങളെ ക്ലസറ്ററുകളായി തിരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കും

ഹോട്ട് സ്‌പോട്ട് ജില്ലകളിലെ മുഴുവൻ ജനങ്ങളെയും നിരീക്ഷിക്കും. പകർച്ചപ്പനി പോലുള്ളവ ഉണ്ടായാൽ ഉടൻ കണ്ടെത്തും. കൃത്യമായ മാപ്പിംഗും ഇതോടൊപ്പം നടപ്പാക്കും. ഇതിനായി പ്രത്യേക സംഘങ്ങളെ നിയോഗിക്കും

കുറച്ചു കേസുകൾ മാത്രം റിപ്പോർട്ട് ചെയ്ത ജില്ലകൾ നോൺ ഹോട്ട് സ്‌പോട്ട് ജില്ല വിഭാഗത്തിൽപെടും. ഇവിടെ കനത്ത ജാഗ്രത പാലിക്കും. സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് ബ്രേക്ക് ദ ചെയിൻ പ്രവർത്തനങ്ങൾ ഊർജിതമാക്കും

ഗ്രീൻ സോൺ ജില്ലകൾ ഇതുവരെ ഒരു കേസും റിപ്പോർട്ട് ചെയ്യാത്ത ജില്ലകളാണ്. ഇവിടങ്ങളിൽ വൈറസ് ബാധ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കും.

Share this story