കൊല്ലത്തെ ബിജെപി നേതാവിന് കോൺഗ്രസിലും ഭാരവാഹിത്വം; വീട്ടിൽ ഐഎൻടിയുസി യോഗവും

കൊല്ലത്തെ ബിജെപി നേതാവിന് കോൺഗ്രസിലും ഭാരവാഹിത്വം; വീട്ടിൽ ഐഎൻടിയുസി യോഗവും

ബിജെപിയുടെ നിയോജക മണ്ഡലം ഭാരവാഹിക്ക് കോൺഗ്രസിലും തൊഴിലാളി സംഘടനയായ ഐഎൻടിയുസിയിലും ഭാരവാഹിത്വം. ചാത്തന്നൂർ നിയോജക മണ്ഡലം പ്രസിഡന്റായി ഒരു മാസം മുമ്പ് ബിജെപി തെരഞ്ഞെടുത്ത സുഗതൻ പറമ്പിലിനാണ് കോൺഗ്രസിലും ഭാരവാഹിത്വമുള്ളത്.

പ്രാദേശിക കോൺഗ്രസ് നേതാവായിരുന്ന സുഗതൻ അടുത്തിടെയാണ് രാജിവെച്ച് ബിജെപിയിൽ ചേർന്നത്. കൂടാതെ ബിജെപിയുടെ കമ്മിറ്റികളിൽ ഇദ്ദേഹം സജീവമാകുകയും ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് ബി ബി ഗോപകുമാറിന്റെ താത്പര്യപ്രകാരമാണ് സുഗതനെ മണ്ഡലം വൈസ് പ്രസിഡന്റാക്കിയത്.

എന്നാൽ സുഗതൻ ഇപ്പോഴും കോൺഗ്രസിൽ ഭാരവാഹിത്വമുണ്ടെന്ന് ബിജെപി പ്രവർത്തകർ തന്നെ ചൂണ്ടിക്കാണിക്കുകയായിരുന്നു. ഐഎൻടിയുസി മേഖലാ പ്രസിഡന്റ്, കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗം എന്നീ നിലകളിലാണ് ഇയാൾ പ്രവർത്തിക്കുന്നതെന്ന് ബിജെപി പ്രവർത്തകർ ആരോപിക്കുന്നു.

സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ബിജെപി നേതാക്കൾ സുഗതന്റെ വീട്ടിൽ എത്തിയപ്പോൾ അവിടെ ഐഎൻടിയുസി കമ്മിറ്റി നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇതോടെ സുഗതനും ബിജെപി നേതാക്കളും തമ്മിൽ വീട്ടിൽ വെച്ച് തന്നെ തർക്കമുടലെടുത്തു.

ഐഎൻടിയുസി ഭാരവാഹിത്വം ഒഴിയാൻ ആകില്ലെന്ന് സുഗതൻ ബിജെപി നേതാക്കളോട് പറഞ്ഞു. താൻ ബിജെപിയിൽ ചേർന്നിട്ടില്ലെന്നാണ് സുഗതൻ ഇപ്പോൾ മാധ്യമങ്ങളോട് പറയുന്നത്. എന്നാൽ സുഗതന് കോൺഗ്രസുമായി ഇപ്പോൾ യാതൊരു ബന്ധവുമില്ലെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയും പറയുന്നു.

Share this story