കേരളത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചു; ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ

കേരളത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചു; ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ

ലോക്ക് ഡൗൺ ഇളവുകളിൽ കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിച്ചു. തോട്ടം മേഖലയ്ക്ക് തിങ്കളാഴ്ച മുതൽ ലോക്ക് ഡൗൺ ഇളവ് പ്രഖ്യാപിച്ചു. ഏപ്രിൽ 20 മുതൽ തോട്ടം മേഖലയെ പൂർണമായും ലോക്ക് ഡൗണിൽ നിന്നൊഴിവാക്കി. സുഗന്ധവ്യഞ്ജന തോട്ടങ്ങളെയും ഇളവുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

തെങ്ങിൻ തോപ്പുകൾക്കും ലോക്ക് ഡൗൺ ബാധകമല്ല. സഹകരണസംഘങ്ങൾക്കും ഏപ്രിൽ 20ന് ശേഷം തുറന്ന് പ്രവർത്തിക്കാം. അതേസമയം അഞ്ച് ലക്ഷം കോടി രൂപയുടെ പാക്കേജ് പരിഗണനയിലാണെന്നും കേന്ദ്രം അറിയിച്ചു

ഇന്നലെ മുഖ്യമന്ത്രി കൂടുതൽ മേഖലകൾക്ക് ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ഹോട്ട് സ്‌പോട്ട് പ്രദേശങ്ങൾ ഒഴികെ മറ്റിടങ്ങളിൽ സുരക്ഷാ മാനദണ്ഡം പാലിച്ച് നിർമാണ മേഖലയിൽ പ്രവർത്തനം അനുവദിക്കും. തൊഴിൽ സ്ഥലത്ത് തൊഴിലാളികളുടെ ആരോഗ്യപരിശോധന നിർബന്ധമാണ്. തൊഴിൽ നടത്തിക്കുന്ന ആളിനാണ് ഇതിന്റെ ചുമതല. വ്യവസായ മേഖലയിൽ കഴിയാവുന്നയത്ര പ്രവർത്തനം ആരംഭിക്കണം

കയർ, കശുവണ്ടി, കൈത്തറി, ഖാദി ഇവ പ്രവർത്തനം പുനരാരംഭിക്കണം. ഹോട്ട് സ്‌പോട്ട് അല്ലാത്തിടങ്ങളിലെ വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തിക്കണം. ഇവിടങ്ങളിൽ പ്രത്യേക എൻട്രി പോയിന്റ് വേണം. പ്രത്യേക താമസ സൗകര്യമില്ലാത്തവർക്ക് വാഹന സൗകര്യം ഏർപ്പെടുത്തണം. കൂടുതൽ പേരുള്ള ഇടങ്ങളിൽ ഒരവസരത്തിൽ 50 ശതമാനത്തിൽ കൂടുതൽ പേരെ ജോലി ചെയ്യിക്കരുത്.

കാർഷിക മേഖലയിലും ഇളവുകൾ പ്രഖ്യാപിച്ചു. ഉത്പന്നങ്ങൾ വിൽക്കാൻ ചന്തകൾ തുറക്കാം. തൊഴിലുറപ്പ് പദ്ധതികൾ തുടരാം. റബർ സംസ്‌കരണ യൂനിറ്റുകൾക്കും പ്രവർത്തന അനുമതി നൽകും. മേയ് മാസം കഴിയുമ്പോൾ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്്. പല നിർമാണ പ്രവർത്തനങ്ങളും അതിന് മുമ്പ് പൂർത്തീകരിക്കണം. തദ്ദേശ സ്ഥാപനങ്ങൾ ഇതിനാവശ്യമായ അനുമതി നൽകണം.

ഓയിൽ മിൽ, റൈസ് മിൽ, വെളിച്ചെണ്ണ ഉത്പാദനം എന്നിവയെല്ലാം പ്രവർത്തിക്കണം. വിത്തും വളവും വിൽക്കുന്ന കടകളും തുറക്കാം. സഹകരണ സ്ഥാപനങ്ങൾക്ക് മിനിമം ജീവനക്കാരെ വെച്ച് തുറക്കാം. പഞ്ചായത്ത് ഓഫീസ്, അക്ഷയ സെന്റർ ഇവയെല്ലാം തുറക്കണം. ജനങ്ങൾക്കുള്ള സേവനം മുടങ്ങരുത്.

ആശുപത്രികൾ, ക്ലിനിക്കുകൾ, ലാബുകൾ, ഫിസിയോ തെറാപ്പി സ്ഥാപനങ്ങൾ ഇവയെല്ലാം തുറക്കണം. തദ്ദേശ സ്ഥാപനത്തിൽ ഓരോ വാർഡിലും 60 വയസ്സിന് മുകളിലുള്ളവരുടെയും വിവിധ രോഗങ്ങൾക്ക് ചികിത്സയിൽ കഴിയുന്നവരെയും സ്ഥിരമായി നിരീക്ഷിക്കാൻ സൗകര്യമുണ്ട്. ഇതിൽ രോഗബാധിതരായ മുതിർന്നവർക്ക് ഡോക്ടറുമായി ബന്ധപ്പെടാൻ അവസരം വേണം. ഓരോ തദ്ദേശ സ്വയം ഭരണ അതിർത്തിയിലും ടെലി മെഡിസിൻ സൗകര്യം ഒരുക്കും.

സ്വകാര്യ ആശുപത്രികളെയും കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമാക്കും. ഇതിനായി ഓരോ ആശുപത്രിയുടെയും സൗകര്യങ്ങളിൽ ഒരു ഭാഗം കൊവിഡ് ചികിത്സക്കായി മാത്രമായും രണ്ടാമത്തെ ഭാഗം മറ്റ് അസുഖങ്ങൾക്കുമായും മാറ്റിവെക്കും.

 

Share this story