കേരളം യൂറോപ്പിനേക്കാൾ മഹത്തരം; നന്ദി പറഞ്ഞ് കൊവിഡ് ഭേദമായ ഇറ്റാലിയൻ പൗരൻ

കേരളം യൂറോപ്പിനേക്കാൾ മഹത്തരം; നന്ദി പറഞ്ഞ് കൊവിഡ് ഭേദമായ ഇറ്റാലിയൻ പൗരൻ

കൊവിഡ് ബാധയിൽ നിന്നും തന്നെ രക്ഷപ്പെടുത്തിയ കേരളത്തിലെ ആരോഗ്യപ്രവർത്തകർക്ക് നന്ദി അറിയിച്ച് ഇറ്റാലിയൻ പൗരൻ. കേരളം യൂറോപ്പിനേക്കാൾ മികച്ച ആരോഗ്യസംവിധാനമുള്ള നാടാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന റോബർട്ടോ ടൊണെസോ എന്ന 57കാരനാണ് കേരളത്തിന് നന്ദി അറിയിച്ചത്.

നിലവിലെ സാഹചര്യത്തിൽ കൊവിഡിനെ യൂറോപ്പിനേക്കാൾ നന്നായി നേരിട്ടത് കേരളമാണ്. ഇവിടമാണ് കൂടുതൽ സുരക്ഷിതം. എന്നാൽ എനിക്ക് മടങ്ങിപ്പോയെ തീരൂ. എന്റെ നാട് ഉൾപ്പെടുന്ന വടക്കൻ ഇറ്റലിയിൽ ലോക്ക് ഡൗണാണ്. ഇറ്റലിയിലേക്ക് പോയാലും ഇനിയും കേരളത്തിലേക്ക് തിരിച്ചുവരുമെന്നും റോബർട്ടോ പറഞ്ഞു.

ഫെബ്രുവരി 27ന് തിരുവനന്തപുരത്ത് എത്തിയ ഇദ്ദേഹം വർക്കലയിലാണ് താമസിച്ചിരുന്നത്. നിരവധിയിടങ്ങളിൽ ഇദ്ദേഹം സഞ്ചരിച്ചത് ആരോഗ്യവകുപ്പിനെ ആശങ്കയിലാഴ്ത്തിയിരുന്നു. എന്നാൽ ഇദ്ദേഹവുമായുള്ള സമ്പർക്കം വഴി ആർക്കും രോഗം സ്ഥിരീകരിച്ചിരുന്നില്ല.

രോഗലക്ഷണങ്ങളോടെ മാർച്ച് 5നാണ് റോബർട്ടോ പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്. കഴിഞ്ഞ 26ന് തന്നെ പരിശോധനാ ഫലം നെഗറ്റീവായെങ്കിലും 38 ദിവസം കഴിഞ്ഞാണ് റോബർട്ടോ പുറത്തുവരുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ജില്ലാ കലക്ടർ, ആരോഗ്യപ്രവർത്തകർ എന്നിവർ റോബർട്ടോയെ യാത്രയയക്കാൻ എത്തി. വീഡിയോ കോളിലൂടെ ആരോഗ്യമന്ത്രിയോടും ഇദ്ദേഹം സംസാരിച്ചു

Share this story