എറണാകുളത്ത് 24 വരെ കർശന ലോക്ക് ഡൗൺ; ലംഘിച്ചാൽ നടപടിയെന്ന് മന്ത്രി സുനിൽകുമാർ

എറണാകുളത്ത് 24 വരെ കർശന ലോക്ക് ഡൗൺ; ലംഘിച്ചാൽ നടപടിയെന്ന് മന്ത്രി സുനിൽകുമാർ

എറണാകുളം ജില്ലയിൽ ഏപ്രിൽ 24 വരെ ലോക്ക് ഡൗൺ കർശനമായി തുടരുമെന്നും നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി വി എസ് സുനിൽകുമാർ. കലക്ടറേറ്റിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഗ്രീൻ, ഓറഞ്ച് ബി മേഖലകളിൽപ്പെടുന്ന ഏഴ് ജില്ലകൾക്ക് ഇന്ന് മുതൽ ഇളവുകൾ നൽകിയിരുന്നു. അതേസമയം ഓറഞ്ച് എ സോണിൽ പെടുന്ന എറണാകുളം ജില്ലക്ക് ഇളവുകൾ ബാധകമായിരുന്നില്ല. എന്നിട്ടും സ്വകാര്യ വാഹനങ്ങൾ വ്യാപകമായി നിരത്തിലിറങ്ങി. ഇതേ തുടർന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് പരിശോധനക്ക് പോലും തടസ്സമാകുന്ന രീതിയിൽ ആളുകൾ പുറത്തിറങ്ങാൻ തുടങ്ങിയതോടെയാണ് മുന്നറിയിപ്പ്. ഓറഞ്ച് എ സോണിൽ പെടുന്ന ജില്ലകൾക്ക് ഏപ്രിൽ 24 മുതൽ ഇളവുകൾ നൽകുമെന്നായിരുന്നു സർക്കാർ അറിയിച്ചിരുന്നത്.

അതേസമയം 24ന് ശേഷം ജില്ലയിലെ ഹോട്ട് സ്‌പോട്ടുകളായ കൊച്ചി കോർപറേഷനിലും മുളവുകാട് പഞ്ചായത്തിലും ലോക്ക് ഡൗൺ തുടരും. അവശ്യ സേവനങ്ങൾ ഒഴികെയുള്ള യാത്ര അനുവദിക്കില്ല. ബാരിക്കേഡുകളും ചെക്ക് പോസ്റ്റുകളും പോലീസ് സ്ഥാപിക്കും.

ഇരുചക്രവാഹനങ്ങളിൽ ലോക്ക് ഡൗണിന് ശേഷവും കുടുംബാംഗങ്ങൽ മാത്രമേ ഒന്നിച്ച് യാത്ര ചെയ്യാൻ പാടുള്ളു. പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും മന്ത്രി പറഞ്ഞു

Share this story