ആംബുലൻസിൽ മദ്യക്കടത്ത്; യുവാക്കൾ പിടിയിൽ

ആംബുലൻസിൽ മദ്യക്കടത്ത്; യുവാക്കൾ പിടിയിൽ

ആംബുലൻസിൽ മദ്യക്കടത്ത് നടത്തിയ യുവാക്കൾ അറസ്റ്റിൽ. രാജ്യതലസ്ഥാനത്താണ് സംഭവം. വാഹനപരിശൊധനക്കിടെയാണ് രണ്ട് യുവാക്കളെ ഡൽഹി പൊലീസ് പിടികൂടിയത്.

 

കൊവിഡ് 19 വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഉണ്ടായ മദ്യ ദൗർലഭ്യം സഹിക്കാൻ കഴിയാതായപ്പോഴാണ് ആംബുലൻസ് വിദ്യ പരീക്ഷിക്കാൻ ഡൽഹി വസന്ത് വിഹാറിൽ താമസിക്കുന്ന ഹരീഷ് ലോഹിയ, ദേവേന്ദർ എന്നീ യുവാക്കൾ തീരുമാനിച്ചത്. എന്നാൽ ആംബുലൻസിലെ മദ്യക്കടത്തിനെപ്പറ്റി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. 25 പെട്ടി വ്യാജമദ്യമാണ് പൊലീസ് ഇവരിൽ നിന്ന് പിടികൂടിയത്.

ആംബുലൻസിൻ്റെ ഡ്രൈവർ ജയ് സിംഗിനു വേണ്ടിയാണ് യുവാക്കൾ മദ്യക്കടത്ത് നടത്തിക്കൊണ്ടിരുന്നത്. മദ്യം കടത്തുന്നതിനായി ദിവസവും 2000 രൂപ വീതമാണ് ഇവർക്ക് ലഭിച്ചു കൊണ്ടിരുന്നത്. നിയമാനുസൃതമല്ലാതെ വില്പന നടത്തുന്ന മദ്യം വാങ്ങി ആംബുലൻസിൽ കടത്തുകയായിരുന്നു പതിവ്.

 

അതേ സമയം, രാജ്യത്ത് കൊവിഡ് മരണം 590 ആയി. 18,601 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 3,252 പേർ രോഗമുക്തി നേടി. 14,700 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 1,336 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 47 പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തു.

 

ഞായറാഴ്ചത്തെ അപേക്ഷിച്ച് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം വർധിച്ചു. മഹാരാഷ്ട്രയിൽ 466 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഒൻപത് പേർ മരിച്ചു. മഹാരാഷ്ട്രയിൽ ഇതുവരെ 4,666 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിൽ 2,081 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗുജറാത്തിൽ 1,939 ഉം രാജസ്ഥാനിൽ 1,576 പേരും രോഗം സ്ഥിരീകരിച്ച് ചികിത്സയിലാണ്.

Share this story