ഒരിക്കലും നന്മ ലഭിക്കാത്ത നസ്രേത്ത് ആണ് പ്രതിപക്ഷമെന്ന് കാനം രാജേന്ദ്രൻ; ആര് മരിച്ചാലും സർക്കാരിന്റെ കണ്ണീര് കാണണമെന്ന ദുഷ്ടലാക്ക്

ഒരിക്കലും നന്മ ലഭിക്കാത്ത നസ്രേത്ത് ആണ് പ്രതിപക്ഷമെന്ന് കാനം രാജേന്ദ്രൻ; ആര് മരിച്ചാലും സർക്കാരിന്റെ കണ്ണീര് കാണണമെന്ന ദുഷ്ടലാക്ക്

പ്രതിപക്ഷത്തെ അതിരൂക്ഷമായി വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഒരിക്കലും നന്മ ലഭിക്കാത്ത നസ്രേത്ത് ആണ് തങ്ങളെന്ന് പ്രതിപക്ഷം വീണ്ടും തെളിയിക്കുകയാണ്. ആര് മരിച്ചാലും സർക്കാരിന്റെ കണ്ണീര് കണ്ടാൽ മതിയെന്ന ദുഷ്ടലാക്കാണ് യുഡിഎഫിനും ബിജെപിക്കുമെന്നും കാനം കുറ്റപ്പെടുത്തി

ദുരിതവും ദുരന്തവും ചുറ്റിലും നിറയുമ്പോൾ വാക്കു കൊണ്ടും പ്രവൃത്തി കൊണ്ടും സാന്ത്വനവും ശക്തിയും നൽകുന്ന ഭരണകൂടത്തെയാണ് ജനങ്ങൾക്ക് വേണ്ടത്. സർക്കാർ അത്തരമൊരു പ്രവർത്തനം കാഴ്ചവെക്കുമ്പോൾ യുഡിഎഫിനും ബിജെപിക്കും ഉറക്കം നഷ്ടപ്പെടുക സ്വാഭാവികമാണ്. എതിർപ്പുകളുമായി രംഗത്തിറങ്ങാനാണ് ഈ മഹാമാരിക്കാലത്തും പ്രതിപക്ഷ നേതാവ് അടക്കമുള്ളവർ ശ്രമിച്ചത്.

ജനയുഗം പത്രത്തിലെഴുതിയ ലേഖനത്തിലാണ് കാനത്തിന്റെ രൂക്ഷ വിമർശനം. ലോക്ക് ഡൗണിൽ ഒരു വീട്ടിൽ പോലും ഭക്ഷണത്തിന് ബുദ്ധിമുട്ടുണ്ടാകാൻ പാടില്ലെന്ന സർക്കാരിന്റെ കരുതലിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. സമൂഹ അടുക്കള, സൗജന്യ റേഷൻ, സാമൂഹ്യക്ഷേമ പെൻഷനുകൾ, കുടിയേറ്റ തൊഴിലാളികളെ അതിഥി തൊഴിലാളികളായി കണ്ട് സംരക്ഷിക്കൽ തുടങ്ങി ഇന്ത്യക്കും ലോകത്തിനും മാതൃകയാണ് സംസ്ഥാന സർക്കാർ

എന്നാൽ എന്തിനും ഏതിനും കുറ്റപ്പെടുത്താൻ കച്ച കെട്ടി ഇറങ്ങിയിരിക്കുകയാണ് പ്രതിപക്ഷം. ഒരു ദുരന്തവേളയിൽ കൃത്യമായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തേണ്ടതുണ്ട്. അതിനായി പരിശ്രമിച്ച ആരോഗ്യമന്ത്രിയെ ആക്ഷേപിച്ചു. ലോക്ക് ഡൗണിനെ എതിർത്തു. അമേരിക്കയാണ് മാതൃകയെന്ന് പറഞ്ഞു. ആനുകൂല്യ വിതരണങ്ങൾ, ഭക്ഷ്യധാന്യ വിതരണം എന്നിവയെയും പരിഹസിക്കാൻ അവർക്ക് മടിയുണ്ടായിരുന്നില്ല.

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ പാടില്ലെന്ന് ഒരു പ്രതിപക്ഷ എംഎൽഎ പറഞ്ഞപ്പോൾ അതിനെ തിരുത്താതെ അയാൾക്ക് പിന്തുണയും പിൻബലവും നൽകുകയാണ് പ്രതിപക്ഷ നേതാവ് ചെയ്തത്. കൊവിഡിനേക്കാൾ മാരകമായ ചിന്താഗതി സ്വീകരിക്കുന്ന ഇത്തരക്കാരെ കേരളം കൈയ്യൊഴിയുമെന്നും കാനം പറഞ്ഞു

Share this story