മടങ്ങിവരവിന് കൂട്ടത്തോടെ ആഗ്രഹിച്ച് പ്രവാസികൾ; നോർക്കയിൽ ഇതുവരെ 1.47 ലക്ഷം പേർ രജിസ്റ്റർ ചെയ്തു

മടങ്ങിവരവിന് കൂട്ടത്തോടെ ആഗ്രഹിച്ച് പ്രവാസികൾ; നോർക്കയിൽ ഇതുവരെ 1.47 ലക്ഷം പേർ രജിസ്റ്റർ ചെയ്തു

മടങ്ങി വരവിന് ആഗ്രഹിക്കുന്ന പ്രവാസികൾ നോർക്കയുടെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തു തുടങ്ങി. ഇന്നലെ രജിസ്‌ട്രേഷൻ ആരംഭിച്ച് ആദ്യ രണ്ട് മണിക്കൂറുകൾക്കുള്ളിൽ തന്നെ മുപ്പതിനായിരം പേരാണ് ഓൺലൈനായി രജിസ്റ്റർ ചെയ്തത്. ഇന്ന് രാവിലെ വരെ 1.47 ലക്ഷം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

വിദേശത്തേക്ക് കുടുങ്ങിക്കിടക്കുന്നവരെയും വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെയും തിരിച്ചെത്തിക്കുന്നതിൽ സംസ്ഥാനങ്ങളുടെ നിലപാട് കഴിഞ്ഞ ദിവസം കേന്ദ്ര ക്യാബിനെറ്റ് സെക്രട്ടറി ആരാഞ്ഞിരുന്നു. പ്രവാസികളുടെ മടക്കത്തിൽ ഇതുവരെ മൗനം പാലിച്ച കേന്ദ്രം പ്രാരംഭ ചർച്ചകൾ ആരംഭിച്ചതോടെയാണ് നോർക്ക റുട്ട്‌സ് രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചതും

ഒരു ലക്ഷം പേരെങ്കിലും ഈ സാഹചര്യത്തിൽ കേരളത്തിലേക്ക് മടങ്ങുമെന്നതായിരുന്നു സംസ്ഥാനത്തിന്റെ കണക്കുകൂട്ടൽ. എന്നാൽ ആദ്യ മണിക്കൂറുകൾക്കുള്ളിൽ തന്നെ 1.47 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതോടെ കേരളത്തിലേക്ക് വലിയ പലായനം തന്നെയാകും സാക്ഷ്യം വഹിക്കുക എന്നാണ് സൂചന

www.registernorkaroots.org എന്ന വെബ്‌സൈറ്റ് വഴിയാണ് രജിസ്‌ട്രേഷൻ നടക്കുന്നത്. തിരിച്ചെത്തുന്നവരുടെ കൃത്യമായ കണക്ക് കിട്ടാനും നിരീക്ഷണ സംവിധാനം ഉൾപ്പെടെ സജ്ജമാക്കുന്നതിനും വേണ്ടിയാണ് രജിസ്‌ട്രേഷൻ. മുൻഗണനാ പ്രകാരമാകും രജിസ്റ്റർ ചെയ്തവരിൽ നിന്ന് ആളുകളെ തിരികെ എത്തിക്കുക. സന്ദർശക വിസയിൽ എത്തി കുടുങ്ങിയവർക്കാണ് മുൻഗണന. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്ന മലയാളികളുടെ രജിസ്‌ട്രേഷനും നോർക്ക ഉടൻ ആരംഭിക്കും.

Share this story