കൊവിഡ് പ്രതിരോധത്തിൽ ജനം ഒപ്പം നിന്നു; ചിലർ രാഷ്ട്രീയ താത്പര്യം കാണിച്ചതായും മുഖ്യമന്ത്രി

കൊവിഡ് പ്രതിരോധത്തിൽ ജനം ഒപ്പം നിന്നു; ചിലർ രാഷ്ട്രീയ താത്പര്യം കാണിച്ചതായും മുഖ്യമന്ത്രി

കൊവിഡ് പ്രതിരോധത്തിൽ എല്ലാവരും സർക്കാരിനൊപ്പം നിന്നപ്പോൾ രാഷ്ട്രീയ താത്പര്യം വെച്ച് പ്രവർത്തിച്ച ചിലരുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്റെ ചെലവ് വർധിച്ചതും വരവ് കുറഞ്ഞതും സർക്കാരിന്റെ പ്രവർത്തനത്തെ ബാധിക്കും. കേന്ദ്രസഹായം അത്യാവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു

സിപിഎം നേതാക്കൾ സമൂഹ മാധ്യമങ്ങൾ വഴി ജനങ്ങളോട് രാഷ്ട്രീയസംഘടനാ വിഷയങ്ങൾ വിശദീകരിക്കുന്ന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കൊവിഡിന്റെ പശ്ചാത്തലത്തിൽ ദൈനംദിന സംഘടനാ പ്രവർത്തനം നടത്താൻ പറ്റാത്ത സാഹചര്യത്തിലാണ് സമൂഹമാധ്യമങ്ങളിലൂടെ സിപിഎം പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.

ചെലവ് വർധിക്കുകയും വരവ് കുറയുകയും ചെയ്യുമ്പോൾ സർക്കാരിന്റെ പ്രവർത്തനങ്ങൾ പ്രയാസത്തിലാകും. ഈ സാഹചര്യത്തിലാണ് ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കുന്നത് അടക്കമുള്ള തീരുമാനങ്ങൾ എടുത്തത്. എന്നാൽ സമൂഹത്തിന്റെ പൊതുതാത്പര്യം ഉൾക്കൊണ്ട് പ്രവർത്തിക്കാൻ രാഷ്ട്രീയ താത്പര്യം കൊണ്ട് ചിലർക്ക് കഴിഞ്ഞില്ല

കൊവിഡിനെതിരായ കേരളത്തിന്റെ പ്രതിരോധം ലോകശ്രദ്ധ പിടിച്ചുപറ്റി. വലിയ സാമ്പത്തിക ബാധ്യത സർക്കാരിനുണ്ടായിട്ടുണ്ട്. ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ സജീവമായ സഹായം പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു

Share this story