കേരളത്തിലേക്കുള്ള മറുനാടൻ മലയാളികളുടെ മടക്കം; ആശയക്കുഴപ്പം തുടരുന്നു, വാഹനസൗകര്യമുള്ളവർ ഇന്ന് മുതൽ എത്തിത്തുടങ്ങും

കേരളത്തിലേക്കുള്ള മറുനാടൻ മലയാളികളുടെ മടക്കം; ആശയക്കുഴപ്പം തുടരുന്നു, വാഹനസൗകര്യമുള്ളവർ ഇന്ന് മുതൽ എത്തിത്തുടങ്ങും

ലോക്ക് ഡൗണിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ മലയാളികളെ കേരളത്തിലേക്ക് തിരിച്ചെത്തിക്കുന്നതിൽ ആശയക്കുഴപ്പം തുടരുന്നു. ഒന്നര ലക്ഷത്തിലധികം പേരാണ് മടങ്ങി വരവിനായി നോർക്കയുടെ വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ ആദ്യമെത്തിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.

വടക്ക്, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നടക്കമുള്ളവരെ തിരികെ എത്തിക്കുന്നത് സംബന്ധിച്ച ചർച്ചകളിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. നോർക്കയിൽ രജിസ്റ്റർ ചെയ്തവരിൽ അരലക്ഷത്തോളം പേർ സ്വന്തമായി വാഹനത്തിൽ വരാൻ സന്നദ്ധത അറിയിച്ചവരാണ്. ആദ്യം ഇവർ വരട്ടെയെന്നാണ് സർക്കാർ നിലപാട്. ഇതിന് ശേഷം മറ്റുള്ളവർക്കായി എന്ത് ചെയ്യാനാകുമെന്ന് സ്ഥിതിഗതികൾ വിലയിരുത്തി രണ്ട് ദിവസത്തിനുള്ളിൽ തീരുമാനിക്കും

ബസ് സർവീസുകൾ പ്രായോഗികമല്ലെന്നതാണ് സർക്കാരിനെ കുഴക്കുന്നത്. പ്രത്യേക ട്രെയിൻ സർവീസ് വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതാത് സംസ്ഥാന സർക്കാരുകളുടെ പിന്തുണയും ഇതിന് ആവശ്യമാണ്.

സ്വന്തമായി വാഹനമെടുത്ത് വരുന്നവർ ആറ് പ്രവേശന കവാടങ്ങളിലൂടെയാണ് കേരളത്തിലേക്ക് പ്രവേശിക്കേണ്ടത്. തിരുവനന്തപുരം ഇഞ്ചിവിള, കൊല്ലം ആര്യങ്കാവ്, ഇടുക്കി കുമളി, പാലക്കാട് വാളയാർ, വയനാട് മുത്തങ്ങ, കാസർകോട് മഞ്ചേശ്വരം അതിർത്തികൾ വഴിയാണ് ഇവരെ സ്വീകരിക്കുക. രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് മണി വരെയാണ് അതിർത്തി കടക്കാനുള്ള അനുമതി.

Share this story