സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് കൊവിഡ് ബാധ; പത്ത് പേർക്ക് രോഗമുക്തി, ഇനി ചികിത്സയിൽ 16 പേർ

സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് കൊവിഡ് ബാധ; പത്ത് പേർക്ക് രോഗമുക്തി, ഇനി ചികിത്സയിൽ 16 പേർ

സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ. എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം ചെന്നൈയിൽ നിന്നും എത്തിയതാണ്. വൃക്ക രോഗി കൂടിയാണ്.

ഇന്ന് പത്ത് പേർക്കാണ് രോഗമുക്തി ലഭിച്ചത്. പത്ത് പേരും കണ്ണൂർ ജില്ലയിൽ നിന്നുള്ളവരാണ്. സംസ്ഥാനത്ത് ഇതുവരെ 503 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിലിനി 16 പേർ മാത്രമാണ് ചികിത്സയിൽ കഴിയുന്നത്.

കണ്ണൂർ ജില്ലയിൽ അഞ്ച് പേരും വയനാട് ജില്ലയിൽ നാല് പേരും കൊല്ലത്ത് 3 പേരും ഇടുക്കി, എറണാകുളം, പാലക്കാട്, കാസർകോട് ജില്ലകളിൽ ഓരോരുത്തരുമാണ് ചികിത്സയിലുള്ളത്. രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ട് ഇന്ന് 100 ദിവസം പൂർത്തിയായെന്നും മുഖ്യമന്ത്രി അറിയിച്ചു

സംസ്ഥാനത്ത് ഇതുവരെ 35856 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. ഇതിൽ 35355 എണ്ണത്തിലും രോഗബാധയില്ലെന്ന് ഉറപ്പുവരുത്തി. മുൻഗണനഗ്രൂപ്പിൽ 3380 പേരുടെ സാമ്പിളുകൾ പരിശോധിച്ചതിൽ 2939 എണ്ണത്തിലും രോഗബാധയില്ല. സംസ്ഥാനത്ത് നിലവിൽ 33 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

അതേസമയം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 56,342 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം രാവിലെ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 3390 പേർക്ക് രോഗം സ്ഥിരീകരിച്ചു. 103 പേരാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ മരിച്ചത്.

ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1886 ആയി. 16540 പേർ രോഗമുക്തി നേടി. മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഡൽഹി, രാജസ്ഥാൻ സംസ്ഥാനങ്ങൾക്ക് പുറമെ ഉത്തർപ്രദേശിലും തെലങ്കാനയിലും ബംഗാളിലും കൊവിഡ് കേസുകൾ വർധിക്കുകയാണ്

Share this story