സംസ്ഥാനത്തെ മദ്യശാലകൾ തുറക്കുന്ന കാര്യം മേയ് 17ന് ശേഷം തീരുമാനിച്ചാൽ മതിയെന്ന് സിപിഎം

സംസ്ഥാനത്തെ മദ്യശാലകൾ തുറക്കുന്ന കാര്യം മേയ് 17ന് ശേഷം തീരുമാനിച്ചാൽ മതിയെന്ന് സിപിഎം

സംസ്ഥാനത്ത് മദ്യശാലകൾ ഇപ്പോൾ തുറക്കേണ്ടതില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ അംഗീകരിച്ച് സിപിഎം. ലോക്ക് ഡൗണിൽ മദ്യശാലകൾ തുറന്നത് രാജ്യത്തിന്റെ പല ഭാഗത്തും ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിച്ചിരുന്നു. മദ്യശാലകൾ തുറക്കുന്ന കാര്യം മെയ് 17ന് ശേഷം തീരുമാനിച്ചാൽ മതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.

അതേസമയം, ലോക്ക് ഡൗണിൽ മദ്യശാലകൾ തുറന്ന തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. മദ്യം വിൽക്കുന്നത് നിയമവിരുദ്ധമാണെന്നും മദ്യശാലകൾ അടച്ചുപുട്ടാൻ നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി നൽകിയത്.

എന്നാൽ ഒരു ഉത്തരവും ഇക്കാര്യത്തിൽ പുറപ്പെടുവിക്കാനില്ലെന്ന് കോടതി വ്യക്തമാക്കി. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനങ്ങൾ ഓൺലൈനായി മദ്യം വീട്ടിലെത്തിക്കുന്നത് പരിഗണിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുകൾ അന്തിമ തീരുമാനമെടുക്കേണ്ടതെന്നും കോടതി പറഞ്ഞു

ജസ്റ്റിസുമാരായ അശോക് ഭൂഷൺ, സഞ്ജയ് കൗൾ, ബി ആർ ഗവായ് എന്നിവരടങ്ങിയ മൂന്നംഗ ബഞ്ചിന്റേതാണ് നിർദേശം. മൂന്നാം ഘട്ട ലോക്ക് ഡൗണിൽ മദ്യശാലകൾ തുറക്കുന്നതിൽ കേന്ദ്രം ഇളവുകൾ നൽകിയിരുന്നു. എന്നാൽ പലയിടത്തും വലിയ തിരക്കാണ് മദ്യശാലകൾക്ക് മുന്നിൽ അനുഭവപ്പെട്ടത്.

Share this story