ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മടക്കം: പാസുകൾ നൽകുന്നത് നിർത്തിയിട്ടില്ല, ക്രമീകരിക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി

ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മടക്കം: പാസുകൾ നൽകുന്നത് നിർത്തിയിട്ടില്ല, ക്രമീകരിക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി

ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികൾക്ക് തിരികെ വരാനുള്ള പ്രത്യേക രജിസ്‌ട്രേഷനും പാസുകൾ നൽകുന്നതും നിർത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 86,679 പേർ ഇതുവരെ പാസുകൾക്കായി രജിസ്റ്റർ ചെയ്തു. ഇതിൽ 37,801 പേർ റെഡ് സോൺ ജില്ലകളിൽ നിന്നുള്ളവരാണ്. രജിസ്റ്റർ ചെയ്തവരിൽ 45,814 പേർക്ക് പാസ് നൽകി. പാസ് ലഭിച്ചവരിൽ 19476 പേർ റെഡ് സോൺ ജില്ലകളിൽ നിന്നുള്ളവരാണ്. ഇതുവരെ 16355 പേർ എത്തിച്ചേർന്നു

തിരികെ എത്തിയവരിൽ 8912 പേർ റെഡ് സോൺ ജില്ലകളിൽ നിന്ന് വന്നവരാണ്. ഇന്നലെ വന്നവരിൽ 3216 പേരെ ക്വാറന്റൈനിലേക്ക് മാറ്റി. മുമ്പ് റെഡ് സോണിൽ നിന്ന് വന്നവരെ കണ്ടെത്തി ക്വാറന്റൈൻ സൗകര്യത്തിലേക്ക് മാറ്റുകയാണ്. ഇവർ 14 ദിവസം സർക്കാർ കേന്ദ്രത്തിൽ കഴിയണം. അതേസമയം പത്ത് വയസ്സിൽ താഴെയുള്ളവരും ഗർഭിണികളും വീടുകളിൽ കഴിഞ്ഞാൽ മതി

റെഡ് സോണിൽ നിന്ന് വന്നവരെ ചെക്ക് പോസ്റ്റിൽ നിന്ന് ക്വാറന്റൈനിലേക്ക് മാറ്റും. മറ്റുള്ളവർക്ക് പാസ് അനുവദിക്കുന്നത് തുടരും. ഒരു ദിവസം ഇങ്ങോട്ടെത്താൻ പറ്റുന്ന അത്രയും പേർക്ക് പാസ് നൽകും. ഇവരെ കുറിച്ച് വ്യക്തമായ ധാരണ അവരെത്തുന്ന ജില്ലക്കും ഉണ്ടാകണം. പാസ് വിതരണം നിർത്തിവെച്ചിട്ടില്ല.

ക്രമീകരണം നടത്തുകയാണ് ചെയ്തത്. രജിസ്റ്റർ ചെയ്യാതെ വരുന്നവരെ കടത്തിവിടില്ല. ചിലർ പുറപ്പെടുന്ന ജില്ലയിലെ പാസ് മാത്രം എടുക്കുന്നു. ഇവിടെ അറിയിക്കുന്നില്ല. ഇവിടെ കാര്യങ്ങൾ ക്രമീകരിക്കാനാണ് രജിസ്‌ട്രേഷൻ. തിരിക്കിനിടയാക്കുന്നത് സമയം തെറ്റി വരുന്നവർ കാരണമാണ്.

അതിർത്തിയിൽ കൂടുതൽ കൗണ്ടറുകൾ ആരംഭിക്കും. ഇതര സംസ്ഥാനത്ത് കുടുങ്ങിയ വിദ്യാർഥികൾക്കായി ട്രെയിൻ ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിമാരെ ബന്ധപ്പെട്ടു. ട്രെയിൻ അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു

Share this story