സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രണ്ട് പേരും ഏഴാം തീയതി വിദേശത്ത് നിന്നും വന്നവർ

സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രണ്ട് പേരും ഏഴാം തീയതി വിദേശത്ത് നിന്നും വന്നവർ

സംസ്ഥാനത്ത് ഇന്ന് രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരികരിച്ചു. കഴിഞ്ഞ ദിവസം വിദേശത്ത് നിന്നും വന്ന രണ്ട് പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവർ കോഴിക്കോടും കൊച്ചിയിലുമായി ചികിത്സയിൽ കഴിയുകയാണ്.

ഏഴാം തീയതി ദുബൈയിൽ നിന്ന് കോഴിക്കോടേക്ക് വന്ന വിമാനത്തിലും അബൂദബിയിൽ നിന്ന് കൊച്ചിയിലേക്ക് വന്ന വിമാനത്തിലും ഉണ്ടായിരുന്ന ഓരോരുത്തർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇടുക്കിയിൽ ചികിത്സയിലായിരുന്ന ഒരാൾ രോഗമുക്തനായി ആശുപത്രി വിടുകയും ചെയ്തു.

ഇതുവരെ 505 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 17 പേർ നിലവിൽ ചികിത്സയിലാണ്. 23930 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 23596 പേർ വീടുകളിലും 334 പേർ വീടുകളിലും ചികിത്സയിലാണ്.

ഇതുവരെ 36648 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. ഇതിൽ 36002 എണ്ണത്തിലും രോഗബാധയില്ലെന്ന് ഉറപ്പു വരുത്തി. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാ വിഭാഗത്തിൽപ്പെട്ടവരിൽ 3475 പേരുടെ സാമ്പിളുകൾ പരിശോധിച്ചു. ഇതിൽ 3231 പേർക്കും രോഗബാധയില്ലെന്ന് ഉറപ്പുവരുത്തി.

അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 3320 പുതിയ കൊവിഡ് കേസുകൾ. 95 പേർ ഈ സമയത്തിനുള്ളിൽ മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 59,662 ആയി. 1981 പേർ രോഗബാധിതരായി മരിച്ചു

39,834 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. രോഗബാധിതരുടെ ഏറിയ ഭാഗവും മുംബൈ, ഡൽഹി, അഹമ്മദാബാദ്, പൂനെ, താനെ, ഇൻഡോർ, ചെന്നൈ, ജയ്പൂർ എന്നീ എട്ട് നഗരങ്ങളിൽ നിന്നാണ്. മുംബൈ, ഡൽഹി, അഹമ്മദാബാദ് നഗരങ്ങളിൽ നിന്നാണ് രാജ്യത്തെ 42 ശതമാനം കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കർശനമായ മുന്നറിയിപ്പാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകുന്നത്. കൊവിഡിനെ പ്രതിരോധിക്കാനുള്ള നിർദേശങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കണം. സാമൂഹിക അകലം, ശുചിത്വം എന്നിവ പാലിക്കുകയാണെങ്കിൽ കൊവിഡിനെ പ്രതിരോധിക്കാനാകും. ഇല്ലെങ്കിൽ വലിയ വിപത്താണ് രാജ്യത്തെ കാത്തിരിക്കുന്നതെന്നും ആരോഗ്യമന്ത്രലായം ചൂണ്ടിക്കാട്ടി.

Share this story