ഇനിയുള്ള കാലങ്ങളിൽ കൊറോണയെ കരുതി ജീവിക്കണം; നിർദേശങ്ങൾ വിട്ടുവീഴ്ചയില്ലാതെ പാലിക്കണമെന്നും മുഖ്യമന്ത്രി

ഇനിയുള്ള കാലങ്ങളിൽ കൊറോണയെ കരുതി ജീവിക്കണം; നിർദേശങ്ങൾ വിട്ടുവീഴ്ചയില്ലാതെ പാലിക്കണമെന്നും മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്നത് നാം നേരിടുന്ന വിപത്തിന്റെ സൂചനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിസന്ധി അഭിമുഖീകരിക്കാനും മറികടക്കാനും കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. ജനങ്ങളും സർക്കാർ സംവിധാനങ്ങളും എല്ലാ കരുത്തുമുപയോഗിച്ച് ഇതിനെ അതിജീവിക്കും.

കൊവിഡ് ഒരിക്കലും ഇല്ലാതാകില്ല എന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. സമൂഹത്തിന്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കൽ, കൊവിഡിനെ ചികിത്സിച്ച് സുഖപ്പെടുത്തുന്ന സംവിധാനം യാഥാർഥ്യമാക്കൽ എന്നിവ പ്രധാനമാണ്. പൊതുസമൂഹം ജീവിത ശൈലിയിൽ മാറ്റങ്ങൾ ഉൾക്കൊള്ളണം. മാസ്‌ക് പൊതുജീവിതത്തിന്റെ ഭാഗമാക്കണം. തിക്കും തിരക്കും ഇല്ലാത്ത വിധം കച്ചവട സ്ഥാപനങ്ങളിലും ഗതാഗത സൗകര്യങ്ങളിലും ചന്തകളിലും ക്രമീകരണം വേണം

അത്യാവശ്യ യാത്രകളും കൂടിച്ചേരലുകളും മാത്രം നടത്തുക. ആളുകളുടെ എണ്ണം ക്രമീകരിക്കുക, ഭക്ഷണ ശാലകളിലും ഷോപ്പിംഗ് സെന്ററുകളിലും മുൻകൂട്ടി സമയം നിശ്ചയിച്ച് ഉപഭോക്താക്കൾക്ക് സമയം നൽകണം. ലോക്ക് ഡൗൺ തുടർന്നാലും ഇല്ലെങ്കിലും ഇനിയുള്ള കാലം കൊറോണയെ കരുതിയാകണം നാം ജീവിക്കേണ്ടത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ 124 മലയാളികൾ ഇതുവരെ മരിച്ചു. അവരുടെ വേർപാട് വേദനാജനകമാണ്. ആരോഗ്യ സാമൂഹ്യ പ്രവർത്തനത്തിന്റെ ഭാഗമായി നിൽക്കുന്നവരും രോഗത്തിന് കീഴടങ്ങി. എല്ലാവരുടെയും ബന്ധുക്കളുടെ ദു:ഖത്തിൽ പങ്കുചേരുന്നു

പ്രതിരോധ പ്രവർത്തനത്തിൽ അതാത് രാജ്യങ്ങളിലെ നിർദേശങ്ങൾ പ്രവാസികൾ വിട്ടുവീഴ്ചയില്ലാതെ പാലിക്കണം. വിദേശത്ത് നിന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെ വിമാനത്താവളങ്ങളിലും ചെക്ക് പോസ്റ്റുകളിലും എത്തിയ ശേഷം വീടുകളിലേക്ക് പോകുന്നവരുടെ സൗകര്യാർഥം ജില്ലകളിൽ 185 കേന്ദ്രങ്ങൾ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ സജ്ജീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Share this story