ഓഗസ്റ്റിൽ സംസ്ഥാനത്ത് അതിവർഷത്തിന് സാധ്യതയെന്ന് മുഖ്യമന്ത്രി; ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നാല് തരം കെട്ടിടങ്ങൾ വേണ്ടിവരും

ഓഗസ്റ്റിൽ സംസ്ഥാനത്ത് അതിവർഷത്തിന് സാധ്യതയെന്ന് മുഖ്യമന്ത്രി; ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നാല് തരം കെട്ടിടങ്ങൾ വേണ്ടിവരും

സംസ്ഥാനത്ത് ഓഗസ്റ്റിൽ അതിവർഷത്തിന് സാധ്യതയുണ്ടെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളപ്പൊക്കമുണ്ടായാൽ സാധാരണ ചെയ്യുന്നതുപോലെ ആളുകളെ ഒന്നിച്ച് പാർപ്പിക്കാൻ കഴിയില്ല. നാല് തരത്തിൽ കെട്ടിടങ്ങൾ വേണ്ടി വരും

കൊവിഡ് ലക്ഷണങ്ങൾ ഉള്ളവർക്ക് അടക്കം വേറെ കെട്ടിടങ്ങൾ വേണം. വെള്ളപ്പൊക്കമുണ്ടായാൽ 27,000ലധികം കെട്ടിടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇടുക്കി ഉൾപ്പെടെയുള്ള അണക്കെട്ടുകൾ തുറക്കേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

സാധാരണ നിലയിൽ കവിഞ്ഞ മഴ ഈ വർഷം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഓഗസ്റ്റിൽ അതിവർഷം ഉണ്ടാകും. കൊവിഡിനെ അകറ്റാൻ പോരാടുന്ന സംസ്ഥാനത്തിന് ഇത് ഗുരുതര വെല്ലുവിളിയാണ്. ഇത് മുന്നിൽ കണ്ട് അടിയന്തര തയ്യാറെടുപ്പ് നടത്തും. കാലവർഷ കെടുതി നേരിടുന്നതിനായി സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

ഏത് മോശം സാഹചര്യത്തെയും നേരിടാൻ നാം തയ്യാറെടുത്തേ മതിയാകൂ. വെള്ളപ്പൊക്കമുണ്ടായാൽ ആളുകളെ പാർപ്പിക്കാൻ നാല് തരം കെട്ടിടങ്ങൾ വേണ്ടി വരും. പൊതുവായ കെട്ടിടം, പ്രായം കൂടിയവർക്കും രോഗികൾക്കും പ്രത്യേക കെട്ടിടം, കൊവിഡ് ലക്ഷണമുള്ളവർക്ക് പ്രത്യേക കെട്ടിടം, ക്വാറന്റൈനിലുള്ളവർക്ക് മറ്റൊരു കെട്ടിടം ഇത്തരത്തിൽ നാല് വിഭാഗങ്ങൾ വേണ്ടി വരും

വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടാതിരിക്കാൻ നദികളിലും തോടുകളിലും ചാലുകളിലും എക്കൽ മണ്ണും മറ്റും നീക്കാൻ നടപടികൾ ആരംഭിച്ചു. സന്നദ്ധം പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് അടിയന്തരമായി ദുരന്തപ്രതികരണ കാര്യങ്ങളിൽ പരിശീലനം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Share this story