തിരുവനന്തപുരത്തേക്ക് വരുന്ന സ്‌പെഷ്യൽ ട്രെയിനിൽ കേരളത്തിനുള്ളിൽ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാനാകില്ല

തിരുവനന്തപുരത്തേക്ക് വരുന്ന സ്‌പെഷ്യൽ ട്രെയിനിൽ കേരളത്തിനുള്ളിൽ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാനാകില്ല

ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന സ്‌പെഷ്യൽ ട്രെയിനിൽ കേരളത്തിനകത്ത് യാത്രക്ക് അനുമതിയില്ല. കേരളത്തിലെ ഒരു ജില്ലയിൽ നിന്ന് മറ്റൊരു ജില്ലയിലേക്ക് ടിക്കറ്റെടുത്ത യാത്രക്കാർക്ക് തുക മടക്കി നൽകാൻ ആവശ്യപ്പെട്ട് റെയിൽവേ ഉത്തരവിറക്കി.

കേരളത്തിനുള്ളിൽ യാത്രക്ക് അനുമതി നൽകരുതെന്ന സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. മൂന്ന് സ്റ്റോപ്പുകളാണ് സ്‌പെഷ്യൽ ട്രെയിന് കേരളത്തിനുള്ളിലുള്ളത്. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം സ്റ്റേഷനുകളിലാണ് സ്റ്റോപ്പുകൾ.

ഡൽഹിയിൽ നിന്ന് തുടങ്ങുന്ന ട്രെയിനിൽ മറ്റ് സംസ്ഥാനങ്ങളിൽ ഉള്ളവർക്ക് കേരളത്തിലേക്ക് വരുന്നതിൽ തടസ്സമില്ല. എന്നാൽ ട്രെയിൻ കേരളത്തിൽ എത്തിക്കഴിഞ്ഞാൽ കോഴിക്കോട് നിന്ന് ടിക്കറ്റെടുത്ത് എറണാകുളത്തേക്കോ, തിരുവനന്തപുരത്തേക്കോ യാത്ര ചെയ്യാനാകില്ല. ഇതിനകം ടിക്കറ്റ് ബുക്ക് ചെയ്തവരുടെ പണം തിരികെ നൽകുമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്.

Share this story