സാമൂഹിക അകലം പാലിക്കാതെ മാസ്‌ക് വിതരണ പ്രഹസനം; റോജി എം ജോൺ എംഎൽഎ അടക്കമുള്ളവർക്കെതിരെ കേസ്

സാമൂഹിക അകലം പാലിക്കാതെ മാസ്‌ക് വിതരണ പ്രഹസനം; റോജി എം ജോൺ എംഎൽഎ അടക്കമുള്ളവർക്കെതിരെ കേസ്

എറണാകുളം കാലടിയിൽ ലോക്ക് ഡൗൺ മാർഗ നിർദേശങ്ങളൊന്നും പാലിക്കാതെ കുട്ടികൾക്ക് മാസ്‌കുകൾ വിതരണം ചെയ്ത സംഭവത്തിൽ അങ്കമാലി എംഎൽഎ റോജി എം ജോൺ അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. ബ്ലോക്ക് പഞ്ചായത്തംഗം ടി പി ജോർജിനെതിരെയും കേസുണ്ട്

കൊച്ചി കാലടിയിൽ എംഎൽഎ ഉൾപ്പെടയുള്ള ജനപ്രതിനിധികളും പ്രാദേശിക കോൺഗ്രസ് നേതാക്കളും ചേർന്ന് നടത്തിയ മാസ്‌ക് വിതരണ ചടങ്ങാണ് കൊവിഡ് മാർഗ നിർദേശങ്ങളൊക്കെ ലംഘിച്ചത്. അതും അറുപതോളം കുട്ടികളെ സംഘടിപ്പിച്ച് നടത്തിയ ചടങ്ങ്.

കാലടി ബ്ലോക്ക് ഡിവിഷനിൽപ്പെട്ട അഞ്ച് മുതൽ 12 വരെ വാർഡുകളിലെ കുട്ടികൾക്കയാണ് ജനപ്രതിനിധികൾ മാസ്‌ക് വിതരണം നടത്തിയത്. അങ്കമാലി എംഎൽഎയും കോൺഗ്രസ് നേതാവുമായ റോജി എം ജോൺ ആണ് ഉദ്ഘാടനം നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി പി ജോർജ്, പ്രാദേശിക നേതാക്കൾ എല്ലാവരും ചടങ്ങിനെത്തി. 60 കുഞ്ഞുങ്ങളും കൈക്കുഞ്ഞുങ്ങളുമായി അമ്മമാരും ചടങ്ങിനെത്തി.

ഒരു സുരക്ഷാ മാനദണ്ഡവും ചടങ്ങിൽ പരിഗണിക്കപ്പെട്ടില്ല. സാമൂഹിക അകലം എന്താണെന്ന് പോലും അറിയാതെ ആയിരുന്നു കോൺഗ്രസ് നേതാക്കളുടെ പ്രകടന നാടകം. മാസ്‌ക് വിതരണത്തിന് ശേഷം എല്ലാവരെയും കൂട്ടി നിർത്തി ഫോട്ടോ എടുപ്പ് കൂടി കഴിഞ്ഞതോടെ സമ്പൂർണമായി. പിഞ്ചുകുട്ടികളുടെ ജീവൻ പോലും ആശങ്കയിലാക്കിയാണ് കോൺഗ്രസ് നേതാക്കൾ പ്രഹസന നാടകം കാഴ്ച വെച്ചത്.

Share this story