കോഴിക്കോട് പാറക്കടവിൽ അതിഥി തൊഴിലാളികൾ പോലീസിനെ കയ്യേറ്റം ചെയ്തു; ഒടുവിൽ നാട്ടുകാർ ഇടപെട്ടു

കോഴിക്കോട് പാറക്കടവിൽ അതിഥി തൊഴിലാളികൾ പോലീസിനെ കയ്യേറ്റം ചെയ്തു; ഒടുവിൽ നാട്ടുകാർ ഇടപെട്ടു

കോഴിക്കോട് കുറ്റ്യാടിക്കടുത്തുള്ള പാറക്കടവിൽ അതിഥി തൊഴിലാളികൾ പോലീസിനെ ആക്രമിച്ചു. ഇന്നുച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. നാട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ട് നൂറോളം വരുന്ന ബീഹാർ സ്വദേശികൾ റോഡിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു

തൊഴിലാളികളെ കാര്യം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നതിനിടെ ഇവർ പോലീസിനെതിരെയും തിരിയുകയായിരുന്നു. ബിഹാറിലേക്ക് 20ന് ശേഷമാണ് ട്രെയിൻ ഇനിയുള്ളതെന്നും അതുവരെ കാത്തിരിക്കണമെന്നുമുള്ള പോലീസിന്റെ അഭ്യർഥന ഇവർ കേട്ടില്ല.

ഇന്ന് തന്നെ പോകണമെന്ന് നിർബന്ധമാണെങ്കിൽ ഒരാൾ 7000 രൂപ വീതമെടുത്ത് 40 പേർക്ക് ഒരു ബസ് തയ്യാറാക്കി തരാമെന്ന് പോലീസ് അറിയിച്ചു. എന്നാൽ അതിനുള്ള പണം തങ്ങളുടെ പക്കലില്ലെന്ന് ഇവർ പറഞ്ഞു. നടന്നു പോകാൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ ഇത് അനുവദിക്കില്ലെന്ന് പോലീസ് പറഞ്ഞതോടെയാണ് സംഘർഷമുണ്ടായത്.

ഇതിനിടെ രണ്ട് പേർ ചേർന്ന് പേരാമ്പ്ര എസ് ഐയെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഒടുവിൽ നാട്ടുകാർ കൂടി ഇടപെട്ട് ഇവരെ വിരട്ടിയോടിച്ചു. സംഭവത്തിൽ നാല് പേർ പിടിയിലായി.

Share this story