പള്ളികളിൽ ആരാധന അനുവദിക്കണമെന്ന് സമസ്ത; മുഖ്യമന്ത്രിക്ക് കത്ത്

പള്ളികളിൽ ആരാധന അനുവദിക്കണമെന്ന് സമസ്ത; മുഖ്യമന്ത്രിക്ക് കത്ത്

ലോക്ക് ഡൗൺ ഇളവുകളുടെ പശ്ചാത്തലത്തിൽ മുസ്ലിം പള്ളികളിൽ ആരാധന അനുവദിക്കണമെന്ന് സമസ്ത. കേരള സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്ക് കീഴിൽ പ്രവർത്തിക്കുന്ന പതിനായിരത്തിലധികം മഹല്ല് ജമാഅത്തുകളുടെ പ്രതിനിധികൾ ഉൾപ്പെടുന്ന സമിതിയാണിത്. സർക്കാർ നിർദേശങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് അരാധന നടത്താമെന്നും കത്തിൽ ഉറപ്പ് നൽകുന്നു. മസ്ജിദുകൾ തുറക്കാൻ സർക്കാർ അനുമതി നൽകുന്ന പക്ഷം പള്ളി കമ്മറ്റികൾ പാലിക്കേണ്ട പതിനൊന്ന് നിർദേശങ്ങൾ അടങ്ങിയ മാർഗരേഖയും സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ മുന്നോട്ടുവച്ചിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 42 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ സ്വദേശികളായ 12 പേർക്കും, കാസർഗോഡ് സ്വദേശികളായ ഏഴ് പേർക്കും, കോഴിക്കോട്, പാലക്കാട് സ്വദേശികളായ അഞ്ച് പേർക്ക് വീതവും, തൃശൂർ മലപ്പുറം സ്വദേശികളായ നാല് പേർക്ക് വീതവും, കോട്ടയം സ്വദേശികളായ രണ്ട് പേർക്കും, കൊല്ലം, പത്തനംതിട്ട, വയനാട് സ്വദേശികളായ ഓരോരുത്തർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

രണ്ട് പേർക്ക് ഇന്ന് കൊവിഡ് ഭേദമായതായും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

Share this story