കാലടിയില്‍ സിനിമാ സെറ്റ് തകര്‍ത്ത സംഭവം: ഒരാള്‍ പിടിയില്‍

കാലടിയില്‍ സിനിമാ സെറ്റ് തകര്‍ത്ത സംഭവം: ഒരാള്‍ പിടിയില്‍

കാലടിയില്‍ സിനിമാ സെറ്റ് തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. രാഷ്ട്രീയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനായ മലയാറ്റൂര്‍ രതീഷിനെയാണ് പൊലീസ് പിടികൂടിയത്. പ്രതിയെ പെരുമ്പാവൂര്‍ ഡിവൈഎസ്പി ഓഫീല്‍ എത്തിച്ച് ചോദ്യം ചെയ്യുകയാണ്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. കേസിലെ മറ്റ് നാല് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

ടൊവിനോ തോമസ് നായകനാകുന്ന മിന്നല്‍ മുരളി സിനിമാ സെറ്റ് ഇന്നലെയാണ് തകര്‍ത്തത്. ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റാണ് മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ച് തകര്‍ത്തത്. സെറ്റ് ക്ഷേത്രത്തിനു മുന്നില്‍ ആണെന്നാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആരോപണം. എഎച്ച്പി സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ഹരി പാലോടാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം വിശദീകരിച്ചത്.

വിവരം പുറത്തറിഞ്ഞതോടെ വലിയ പ്രതിഷേധമാണ് സിനിമ, രാഷ്ട്രീയ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. വിഷയത്തില്‍ മുഖ്യമന്ത്രിയും പ്രതികരിച്ചിരുന്നു. സാധാരണഗതിയില്‍ നാട്ടില്‍ നടക്കാന്‍ പാടില്ലാത്ത വിഷയമാണ് നടന്നത്. ലക്ഷങ്ങള്‍ മുടക്കി കഴിഞ്ഞ മാര്‍ച്ചില്‍ നിര്‍മിച്ച സെറ്റാണ് ഇത്. കൊവിഡ് കാരണം ഷൂട്ടിംഗ് നീളുകയായിരുന്നു. മതവികാരം വ്രണപ്പെട്ടതിനാല്‍ ബജ്‌റംഗ്ദള്‍ ഷൂട്ടിംഗ് സെറ്റ് പൊളിച്ചവെന്നാണ് വാര്‍ത്ത. എച്ച്പി ജനറല്‍ സെക്രട്ടറി എന്ന് സ്വയം പരിചയപ്പെടുത്തുന്ന വ്യക്തി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരിക്കുന്നു. ഏത് മതവികാരമാണ് വ്രണപ്പെടുന്നത് ? ആ സെറ്റ് ഉണ്ടാക്കാനിടയായ സാഹചര്യം എല്ലാവര്‍ക്കും അറിയാം. ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഇതിനു പിന്നാലെ സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. സൈബര്‍ വിദഗ്ധരടക്കമുള്ള പ്രത്യേക സംഘത്തെയാണ് കേസ് അന്വേഷണത്തിന് നിയോഗിച്ചത്. കാലടി മണപ്പുറത്ത് സെറ്റ് ഇട്ടത് ക്ഷേത്ര കമ്മിറ്റിയുടെ അനുമതിയോടെയെന്ന് മിന്നല്‍ മുരളിയുടെ നിര്‍മാതാവ് സോഫിയ പോള്‍ ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. സെറ്റ് പൊളിച്ചത് നിര്‍ഭാഗ്യകരമാണെന്നും ലക്ഷങ്ങളുടെ നഷ്ടമാണ് തങ്ങള്‍ക്കുണ്ടായതെന്നും സോഫിയ പോള്‍ പറഞ്ഞു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും സോഫിയ പ്രതികരിച്ചു.

Share this story