റിമാൻഡ് പ്രതികൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊലീസിന് പുതിയ മാർഗനിർദ്ദേശങ്ങൾ

റിമാൻഡ് പ്രതികൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊലീസിന് പുതിയ മാർഗനിർദ്ദേശങ്ങൾ

തിരുവനന്തപുരത്തും കണ്ണൂരും റിമാൻഡ് പ്രതികൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊലീസിന് പുതിയ മാർഗനിർദ്ദേശവുമായി ഡി.ജി.പി ലോക്നാഥ് ബെഹറ. പൊലീസുകാർ ഉൾപ്പെടരുതെന്നും ഡി.ജി.പി നിർദ്ദേശം നൽകി.

ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരം അറസ്റ്റിലാകുന്നവരെ കോടതിയില്‍ ഹാജരാക്കുന്നതിനുമുന്‍പ് ഇനിമുതല്‍ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവരേണ്ടതില്ലെന്നാണ് ഡി.ജി.പി യുടെ നിർദ്ദേശം. ഇങ്ങനെ അറസ്റ്റിലാകുന്നവരെ കൊണ്ടുവരുന്നതിനുള്ള സബ് ഡിവിഷണല്‍ ഡിറ്റെന്‍ഷന്‍-കം-പ്രൊഡക്ഷന്‍ സെന്‍ററായി ഉപയോഗിക്കുന്നതിനുള്ള കെട്ടിടം ജില്ലാ പൊലീസ് മേധാവിയും ഡിവൈ.എസ്.പിയും ചേര്‍ന്ന് കണ്ടെത്തണം. കെട്ടിടം കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ ഡിവൈഎസ്പിയുടെ ഓഫീസ് ഇതിനായി ഉപയോഗിക്കും. ഡിവൈ.എസ്.പിക്ക് അടുത്ത പൊലീസ് സ്റ്റേഷനോ വസതിയോ കേന്ദ്രമാക്കി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി.

അറസ്റ്റിനുശേഷമുള്ള വൈദ്യപരിശോധനയ്ക്കുശേഷം കുറ്റവാളിയെ ഈ കേന്ദ്രത്തിലാണ് ഇനിമുതല്‍ കൊണ്ടുവരിക. പരമാവധി കുറച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ മാത്രമേ ഈ നടപടികളില്‍ പങ്കാളികളാവാൻ പാടുള്ളു. ഇത്തരം കേന്ദ്രങ്ങളില്‍ ഒരു ജനറല്‍ ഡയറി സൂക്ഷിക്കും. ഒരു സബ് ഇന്‍സ്പെക്റ്ററെയും നിയോഗിക്കും.

കുറ്റവാളിക്ക് കൊവിഡ് 19 സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ ഈ കേന്ദ്രത്തിലെ എസ്.ഐയ്ക്കും, അറസ്റ്റിനും തുടര്‍നടപടികള്‍ക്കും നേതൃത്വം നല്‍കിയ പൊലീസുകാര്‍ക്കും മാത്രമേ നിരീക്ഷണത്തില്‍ പോകേണ്ടിവരൂ. അറസ്റ്റ് ചെയ്യുമ്പോള്‍ കുറ്റവാളികളെ സ്പര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശിച്ചു.

Share this story