കള്ളപ്പണക്കേസ്: പരാതിക്കാരൻ രണ്ട് തവണ വീട്ടിലെത്തി പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് വി കെ ഇബ്രാഹികുഞ്ഞ്

കള്ളപ്പണക്കേസ്: പരാതിക്കാരൻ രണ്ട് തവണ വീട്ടിലെത്തി പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് വി കെ ഇബ്രാഹികുഞ്ഞ്

തനിക്കെതിരെ കള്ളപ്പണക്കേസ് പരാതി നൽകിയ ഗിരീഷ് ബാബു രണ്ട് തവണ വീട്ടിലെത്തി പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടതായി മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്. പരാതി പിൻവലിക്കാൻ ഇബ്രാഹിംകുഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പണം വാഗ്ദാനം ചെയ്തുവെന്നുമുള്ള ഗിരീഷ്ബാബുവിന്റെ പരാതിയിൽ വിജിലൻസ് ചോദ്യം ചെയ്തപ്പോഴാണ് ഇബ്രാഹിംകുഞ്ഞിന്റെ ആരോപണം

എറണാകുളം ഗസ്റ്റ് ഹൗസിൽ വിളിച്ചു വരുത്തിയാണ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തത്. ഏപ്രിൽ 21നും മെയ് രണ്ടിനും തന്റെ വീട്ടിൽ ഗിരീഷ് ബാബു എത്തിയെന്നും പണം നൽകിയാൽ പരാതി പിൻവലിക്കാമെന്നും പറഞ്ഞു. തനിക്കെതിരെ നടക്കുന്നത് ബ്ലാക്ക് മെയിലിംഗാണ്. പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങളല്ല പരാതിക്ക് പിന്നിൽ.

പരാതിക്കാരനായ ഗിരീഷ്ബാബു സ്ഥിരമായി പരാതി നൽകുകയും ഒത്തുത്തീർപ്പ് ഉണ്ടാക്കുകയും ചെയ്യുന്നയാളാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇയാൾ നൽകിയ പരാതികളെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ഇബ്രാഹിംകുഞ്ഞ് ആവശ്യപ്പെട്ടു.

നോട്ടുനിരോധന കാലത്ത് ഇബ്രാഹിം കുഞ്ഞിന്റെ നിയന്ത്രണത്തിലായിരുന്ന ചന്ദ്രിക ദിനപത്രത്തിന്റെ കൊച്ചിയിലെ രണ്ട് അക്കൗണ്ടുകൾ വഴി പത്ത് കോടിയുടെ കള്ളപ്പണം ഇബ്രാഹിംകുഞ്ഞ് വെളുപ്പിച്ചെന്നാണ് കേസ്. ഗിരീഷ്ബാബുവിന്റെ പരാതിയിൽ ഹൈക്കോടതി നിർദേശപ്രകാരം എൻഫോഴ്‌സ്‌മെന്റ് ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണം നടത്തുകയാണ്.

Share this story