മറ്റൊരു കള്ളവും പൊളിഞ്ഞു: ഒരു വിമാനത്തിനും സർക്കാർ ഇതുവരെ നോ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി

മറ്റൊരു കള്ളവും പൊളിഞ്ഞു: ഒരു വിമാനത്തിനും സർക്കാർ ഇതുവരെ നോ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി

ഇതുവരെ ഒരു വിമാനത്തിനും സംസ്ഥാന സർക്കാർ നോ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫ്‌ളൈറ്റുകൾ വരുന്നതിന് സർക്കാർ ഒരു നിബന്ധനയും വെച്ചിട്ടില്ല. കൊവിഡ് അവലോകന യോഗത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

വന്ദേഭാരത് മിഷന്റെ ഭാഗമായി ഫ്‌ളൈറ്റുകൾ വരുന്നതിന് സംസ്ഥാന സർക്കാർ ഒരു നിബന്ധനയും വെച്ചിട്ടില്ല. ഒരു ഫ്‌ളൈറ്റും വേണ്ടെന്ന് പറഞ്ഞിട്ടുമില്ല. കേന്ദ്ര വിദേശകാര്യമന്ത്രാലയം ചോദിച്ച എല്ലാ ഫ്‌ളൈറ്റുകൾക്കും അനുമതി നൽകിയിട്ടുണ്ട്. വന്ദേഭാരത് രണ്ടാംഘട്ടത്തിൽ ജൂൺ മാസം ഒരു ദിവസം 12 ഫ്‌ളൈറ്റുകളുണ്ടാകുമെന്നാണ് വിദേശകാര്യ മന്ത്രാലയം പറഞ്ഞത് ഇതിന് സംസ്ഥാന സർക്കാർ പൂർണസമ്മതം അറിയിച്ചു

ഇതുപ്രകാരം 360 ഫ്‌ളൈറ്റുകളാണ് ഈ മാസം വരേണ്ടത്. എന്നാൽ ജൂൺ 3 മുതൽ 10 വരെ 36 ഫ്‌ളൈറ്റുകൾ മാത്രമാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ഇതിനർഥം കേരളം അനുമതി നൽകിയ 324 ഫ്‌ളൈറ്റുകൾ ജൂൺ മാസത്തിൽ ഇനിയും ഷെഡ്യൂൾ ചെയ്യാനുണ്ടെന്നാണ്. കേന്ദ്രം ഉദ്ദേശിച്ച രീതിയിൽ അവർക്ക് ഫ്‌ളൈറ്റ് ഓപറേറ്റ് ചെയ്യാനാകുന്നില്ലെന്നാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത്. അതിലവരെ കുറ്റം പറയാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

രാജ്യമാകെ ബാധകമായ വലിയൊരു ദൗത്യമായതു കൊണ്ട് ഒരുപാട് ഫ്‌ളൈറ്റുകൾ അയച്ച് ആളുകളെ കൊണ്ടുവരുന്നതിന് പ്രയാസമുണ്ടാകും. വന്ദേഭാരത് പരിപാടിയിൽ പെടാതെയുള്ള 40 ചാർട്ടേഡ് ഫ്‌ളൈറ്റുകൾക്കും വിദേശകാര്യ മന്ത്രാലയത്തിന് സംസ്ഥാന സർക്കാർ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ജൂൺ 2 വരെ 14 ഫ്‌ളൈറ്റുകൾ മാത്രമാണ് ഷെഡ്യൂൾ ചെയ്തത്. അനുമതി നൽകിയതിൽ 26 എണ്ണം ബാക്കിയാണ്. അത് പൂർത്തിയായാൽ ഇനിയും ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി നൽകാൻ കേരളം തയ്യാറാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

Share this story