ആന ചരിഞ്ഞ സംഭവം; മനേക ഗാന്ധിക്കെതിരെ മുസ്ലീം ലീഗ് വക്കീൽ നോട്ടീസ് അയച്ചു

ആന ചരിഞ്ഞ സംഭവം; മനേക ഗാന്ധിക്കെതിരെ മുസ്ലീം ലീഗ് വക്കീൽ നോട്ടീസ് അയച്ചു

പാലക്കാട് മണ്ണാർക്കാടിൽ ആന ചരിഞ്ഞ സംഭവത്തിൽ മലപ്പുറം ജില്ലയെ അധിക്ഷേപിച്ച സാമൂഹ്യ മാധ്യമ പ്രചാരണങ്ങൾക്കെതിരെ പ്രതിഷേധം കനക്കുന്നു. മലപ്പുറത്തെ വിവിധ രാഷ്ട്രീയ യുവജന സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. അധിക്ഷേപ പരാമർശം നടത്തിയ മനേക ഗാന്ധിക്കെതിരെ മുസ്ലീം ലീഗ് വക്കീൽ നോട്ടീസ് അയച്ചു.

പാലക്കാട് ജില്ലയിൽ ഗർഭിണിയായ ആന സ്‌ഫോടക വസ്തുക്കൾ നിറച്ച പൈനാപ്പിൾ കഴിച്ചു ചരിഞ്ഞ സംഭവത്തിൽ മലപ്പുറം ജില്ലക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവും എംപിയുമായ മനേക ഗാന്ധി രംഗത്തെത്തിയിരുന്നു. മലപ്പുറം ജില്ല ക്രിമിനൽ പ്രവർത്തനങ്ങൾക്ക് പേരുകേട്ട സ്ഥലമാണെന്നതായിരുന്നു മനേക ഗാന്ധിയുടെ ട്വിറ്റർ പോസ്റ്റ്. മലപ്പുറത്ത് നടന്ന സംഭവം അല്ലാതിരുന്നിട്ടും ജില്ലയെ അപകീർത്തിപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങൾക്കെതിരെ പ്രതിഷേധം കനക്കുകയാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ മലപ്പുറം ജില്ലയുടെ ചരിത്രവും ഒപ്പം കോളാമ്പിയും മനേക ഗാന്ധിക്ക് അയച്ചു കൊടുത്ത് പ്രതിഷേധിച്ചു. യൂത്ത് ലീഗ് പ്രവർത്തകർ ചാണകം തളിച്ചാണ് പ്രതിഷേധിച്ചത്.

സോളിഡാരിറ്റി പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. മുസ്ലീം ലീഗിന്റെ അഭിഭാഷക സംഘടനയായ ലോയേഴ്‌സ് ഫോറമാണ് മനേക ഗാന്ധിക്ക് വക്കീൽ നോട്ടീസ് അയച്ചത്.

Share this story