വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിലും നിന്നും ഇതുവരെ എത്തിയത് 1,77,033 പേർ; ഒരു ലക്ഷം പേർ കൂടി എത്തും, വലിയ ശ്രദ്ധ വേണം

വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിലും നിന്നും ഇതുവരെ എത്തിയത് 1,77,033 പേർ; ഒരു ലക്ഷം പേർ കൂടി എത്തും, വലിയ ശ്രദ്ധ വേണം

വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി സംസ്ഥാനത്ത് ഇതുവരെ എത്തിയത് 1,77,033 പേരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ 30,363 പേർ വിദേശത്ത് നിന്നും എത്തിയവരാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നായി 1,46,670 പേരുമെത്തി. ഇതിൽ 93783 പേരും വന്നത് തീവ്രരോഗബാധിത മേഖലകളിൽ നിന്നുമാണ്

തമിഴ്‌നാട്ടിൽ നിന്നുമാണ് ഏറ്റവുമധികം ആളുകൾ എത്തിയത്. 37 ശതമാനം ആളുകളും എത്തിയത് തമിഴ്‌നാട്ടിൽ നിന്നുമാണ്. കർണാടകയിൽ നിന്ന് 26.9 ശതമാനം പേരും മഹാരാഷ്ട്രയിൽ നിന്ന് 14 ശതമാനം പേരുമെത്തി. വിദേശത്തുള്ളവരിൽ നിന്ന് കൂടുതൽ പേരുമെത്തിയത് യുഎഇയിൽ നിന്നാണ്. 47.8 ശതമാനം. ഒമാനിൽ നിന്ന് 11.6 ശതമാനം പേരും കുവൈറ്റിൽ നിന്ന് 7.6 ശതമാനം പേരും വന്നു.

പുറത്തുനിന്ന് വന്നവരിൽ ഇന്നുവരെ 680 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 343 പേർ വിദേശത്ത് നിന്നും എത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരിൽ കൂടുതൽ രോഗബാധയുള്ളത് മഹാരാഷ്ട്രയിൽ നിന്നെത്തിയവർക്കാണ്. സംസ്ഥാനത്ത് ആന്റി ബോഡി ടെസ്റ്റുകൾ വ്യാപകമാക്കാൻ തീരുമാനമായി. പതിനാലായിരം പരിശോധനാ കിറ്റുകൾ ഐസിഎംആർ ലഭ്യമാക്കിയിട്ടുണ്ട്. ഒരാഴ്ച പതിനായിരം ആന്റി ബോഡി ടെസ്റ്റുകൾ നടത്താനാണ് തീരുമാനം. സമൂഹ വ്യാപനമുണ്ടോയെന്ന് കണ്ടെത്താനാണ് തീരുമാനം

ചാർട്ടേഡ് വിമാനങ്ങൾ കൂടി എത്തിത്തുടങ്ങുന്നതോടെ ഒരു ലക്ഷം പേരെങ്കിലും കേരളത്തിലേക്ക് എത്തും. പൊതുഗതാഗതം തുറന്നു കൊടുക്കുന്നതിലൂടെ വലിയ ശ്രദ്ധ വേണ്ട തരത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ഇളവുകൾ ദുരുപയോഗം ചെയ്യാതിരിക്കാൻ സമൂഹത്തിന്റെ ജാഗ്രത ആവശ്യമാണ്. അപകടാവസ്ഥ ഗൗരവത്തിൽ മനസ്സിലാക്കാൻ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു

Share this story