പരപ്പനങ്ങാടിയിൽ കൊവിഡ് ബാധിച്ച് മരിച്ചത് മുൻ സന്തോഷ് ട്രോഫി താരമായ ഹംസക്കോയ

പരപ്പനങ്ങാടിയിൽ കൊവിഡ് ബാധിച്ച് മരിച്ചത് മുൻ സന്തോഷ് ട്രോഫി താരമായ ഹംസക്കോയ

മലപ്പുറം പരപ്പനങ്ങാടിയിൽ കൊവിഡ് ബാധിച്ച് ഇന്ന് മരിച്ചത് മുൻ ഫുട്‌ബോൾ താരമായ ഹംസക്കോയ. 61 വയസ്സായിരുന്നു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്.

മോഹൻബഗാന്റെ താരമായിരുന്നു ഹംസക്കോയ. മുഹമ്മദൻസ് ക്ലബ്ബിന് വേണ്ടിയും കളിച്ചിട്ടുണ്ട്. സന്തോഷ് ട്രോഫിയിൽ മഹാരാഷ്ട്രക്ക് വേണ്ടി കളിച്ചു. മഹാരാഷ്ട്രക്ക് വേണ്ടി അഞ്ച് വർഷം കളിച്ചിട്ടുണ്ട്. മകൻ ലിഹാൻ കോയയും ഫുട്‌ബോൾ താരമാണ്

മെയ് 21ന് കുടുംബത്തോടൊപ്പം മഹാരാഷ്ട്രയിൽ നിന്നുമാണ് ഇദ്ദേഹം തിരിച്ചെത്തിയത്. ഭാര്യക്കും മകനുമാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. ന്യൂമോണിയ ബാധിതനായിരുന്ന ഹംസക്കോയക്ക് പ്ലാസ്മ തെറാപ്പി നടത്തിയിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ആരോഗ്യനില ഗുരുതരാവസ്ഥയിലെത്തിയത്.

ഹംസക്കോയയുടെ മരുമകൾക്കും മൂന്ന് മാസവും മൂന്ന് വയസ്സും പ്രായമുള്ള രണ്ട് കുട്ടികൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ കുടുംബത്തിൽ അഞ്ച് പേർക്ക് കൂടിയാണ് ഇതോടെ കൊവിഡ് സ്ഥിരീകരിച്ചത്.

Share this story