അഞ്ജുവിന്റെ മൃതദേഹവുമായി റോഡിൽ കുത്തിയിരുന്ന് ബന്ധുക്കളുടെ പ്രതിഷേധം

അഞ്ജുവിന്റെ മൃതദേഹവുമായി റോഡിൽ കുത്തിയിരുന്ന് ബന്ധുക്കളുടെ പ്രതിഷേധം

കോപ്പിയടി ആരോപണത്തെ തുടർന്ന് ആത്മഹത്യ ചെയ്ത അഞ്ജുവിന്റെ മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം. അഞ്ജുവിന്റെ വീട്ടിലേക്കുള്ള റോഡിൽ സ്ത്രീകളടക്കമുള്ളവർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഒരു മണിക്കൂറോളം നേരം പ്രതിഷേധം നീണ്ടുനിന്നു. പി സി ജോർജ് എംഎൽഎയും കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയും സ്ഥലത്തെത്തി ബന്ധുക്കളുമായി സംസാരിച്ചതിനെ തുടർന്നാണ് പ്രതിഷേധം അവസാനിച്ചത്.

അഞ്ജുവിന്റെ മരണം പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെടുമെന്നും ബന്ധുക്കൾക്ക് മുഖ്യമന്ത്രിയെ കാണാനുള്ള സൗകര്യമൊരുക്കാമെന്നും പി സി ജോർജ് അറിയിച്ചു. തുടർന്നാണ് ബന്ധുക്കൾ പ്രതിഷേധത്തിൽ നിന്നും പിൻമാറിയത്.

മൃതദേഹത്തിന് പഴക്കമുണ്ടെന്നും കുട്ടിയുടെ അമ്മ മൃതദേഹം കണ്ടിട്ടില്ലെന്നും ഉടൻ വീട്ടിലെത്തിക്കണമെന്നും നിർദേശം വന്നതോടെയാണ് ആളുകൾ പിരിഞ്ഞുപോയത്. വീട്ടിൽ പൊതു ദർശനത്തിന് ശേഷം മൃതദേഹം സംസ്‌കരിക്കും. മെഡിക്കൽ കോളജിൽ നിന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വിട്ടു കൊടുത്തപ്പോൾ ബന്ധുക്കളെ കൂട്ടിയില്ലെന്ന് ആരോപണം ഉയർന്നു. ആംബുലൻസിൽ നിന്ന് ഇറക്കിവിട്ടതായി അഞ്ജുവിന്റെ അമ്മാവൻ ആരോപിച്ചു

കോളജിന് വേണ്ടി പോലീസ് ഒത്തു കളിച്ചുവെന്നും ബന്ധുക്കൾ ആരോപിച്ചു. എന്നാൽ അന്വേഷണം നടത്തിയ ശേഷമേ മറ്റ് നടപടികളിലേക്ക് പോകാനാൂവെന്നാണ് പോലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങളും ഹാൾ ടിക്കറ്റിന്റെ കോപ്പിയും പരിശോധിക്കണം. കൈയെഴുത്ത് പരിശോധനയും നടത്തണമെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു.

Share this story