കൊവിഡ് രോഗികളുടെ ആത്മഹത്യ; മെഡിക്കൽ കോളജ് അധികൃതരെ ആരോഗ്യമന്ത്രി വിളിച്ചു വരുത്തി ശാസിച്ചു

കൊവിഡ് രോഗികളുടെ ആത്മഹത്യ; മെഡിക്കൽ കോളജ് അധികൃതരെ ആരോഗ്യമന്ത്രി വിളിച്ചു വരുത്തി ശാസിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജിലെ കൊവിഡ് ഐസോലേഷൻ വാർഡിൽ രോഗികൾ തൂങ്ങി മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്ക് ആരോഗ്യമന്ത്രിയുടെ ശാസന. ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് മന്ത്രി ശാസിച്ചത്.

മെഡിക്കൽ കോളജ് സൂപ്രണ്ടിനെയും ആർ എം ഒയെയും ഓഫീസിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടുകയും അതൃപ്തി അറിയിക്കുകയുമായിരുന്നു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ സാന്നിധ്യത്തിലാണ് മന്ത്രി ശാസനാ സ്വരത്തിൽ സംസാരിച്ചതെന്നാണ് റിപ്പോർട്ടുകൾ.

സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് അഡീഷണൽ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകി. ഇന്ന് തന്നെ റിപ്പോർട്ട് നൽകാനാണ് നിർദേശം. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു

തിരുവനന്തപുരം സ്വദേശികളായ സജികുമാർ, മുരുകേശൻ എന്നിവരാണ് ഐസോലേഷൻ വാർഡിൽ തൂങ്ങിമരിച്ചത്. സജികുമാർ കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്ന് മുങ്ങി നാട്ടിൽ എത്തിയിരുന്നു. ഇവിടെ നിന്ന് നാട്ടുകാർ ഇയാളെ തടഞ്ഞുവെക്കുകയും ആരോഗ്യപ്രവർത്തകർ വന്ന് തിരികെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

ആശുപത്രിയിൽ എത്തിയതിന് പിറ്റേ ദിവസം രാവിലെയാണ് ഇയാൾ തൂങ്ങിമരിച്ചത്. സജികുമാർ മരിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് മുരുകേശനും മുറിയിൽ തൂങ്ങിമരിച്ചത്.

Share this story