കൊവിഡ് ബാധിതരെ പ്രത്യേക വിമാനത്തിൽ കൊണ്ടുവന്നാൽ കേരളം കൈ നീട്ടി സ്വീകരിക്കും; ജനങ്ങളുടെ ആരോഗ്യം വെച്ച് രാഷ്ട്രീയം കളിക്കരുതെന്ന് മുഖ്യമന്ത്രി

കൊവിഡ് ബാധിതരെ പ്രത്യേക വിമാനത്തിൽ കൊണ്ടുവന്നാൽ കേരളം കൈ നീട്ടി സ്വീകരിക്കും; ജനങ്ങളുടെ ആരോഗ്യം വെച്ച് രാഷ്ട്രീയം കളിക്കരുതെന്ന് മുഖ്യമന്ത്രി

കൊവിഡ് ബാധിച്ച പ്രവാസികളെ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് സർക്കാർ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലേക്ക് വരുന്ന പ്രവാസികൾക്ക് കൊവിഡ് പരിശോധന വേണമെന്നാണ് പറഞ്ഞത്. രോഗമുള്ളവരെ നാട്ടിലെത്തിക്കാൻ തടസ്സമില്ലെന്ന് തന്നെയാണ് കേരളം പറയുന്നത്.

പക്ഷേ രോഗമുള്ളവർ മാത്രമായിട്ട് വരണം. അവരെ പ്രത്യേകമായി കൊണ്ടുവന്നാൽ രണ്ട് കൈയും നീട്ടി സ്വീകരിക്കാൻ കേരളം തയ്യാറാണ്. എല്ലാ ചികിത്സയും അവർക്ക് നൽകും. രോഗമുള്ളവർ അവിടെ നിൽക്കട്ടെയെന്ന നിലപാട് ഒരു ഘട്ടത്തിലും സംസ്ഥാനം പറഞ്ഞിട്ടില്ല.

മറിച്ച് ചില ദുരുദ്ദേശ്യപരമായ പ്രചാരണങ്ങൾ നടത്തുന്നുണ്ട്. അതിൽ ഒരു കേന്ദ്രമന്ത്രിയുമുണ്ട്. പരിശോധനയില്ലാതെ വരുന്നത് രോഗവ്യാപനം കൂട്ടുമെന്ന് സംസ്ഥാനം ആശങ്കപ്പെട്ടപ്പോൾ കേന്ദ്രസഹമന്ത്രി മെയ് 5ന് പ്രതികരിച്ചത് അവിടെ ടെസ്റ്റ് നടത്തിയിട്ടാണ് വിമാനത്തിൽ കയറ്റൂ എന്നാണ്. ഇത് പറഞ്ഞയാൾ തന്നെ കേരളത്തെ കുറ്റം പറയുകയാണ്.

മെയ് 5ന് ശേഷം എന്ത് മാറ്റമാണ് വന്നത്. കൊവിഡ് ബാധിച്ചവർ മറ്റുള്ളവർക്കൊപ്പം യാത്ര ചെയ്യുന്നത് ഒഴിവാക്കണം. രോഗബാധയുള്ളവരെ അവർക്ക് യാത്ര ചെയ്യാൻ ആരോഗ്യമുണ്ടെങ്കിൽ പ്രത്യേക വിമാനത്തിൽ കൊണ്ടുവരണം.

ജോലി പോയ പ്രവാസികൾക്ക് കേന്ദ്രം അടിയന്തര സഹായം നൽകണം. ജോലി നഷ്ടപ്പെട്ടതോടെ ആ രാജ്യങ്ങളിലെ സാമൂഹ്യ സുരക്ഷയും നഷ്ടമാകാനാണ് സാധ്യത. തിരികെ ആളുകൾ വരുന്ന കാര്യത്തിൽ തെറ്റായ പ്രചാരണം നടക്കുകയാണ്. എംബസികൾ ടെസ്റ്റ് നടത്തണമെന്ന് പറഞ്ഞാൽ എല്ലാവരും എംബസിയിൽ പോകണമെന്നല്ല. സൗകര്യങ്ങൾ എംബസി നടത്തണമെന്നാണ്. വിമാനത്താവളത്തിൽ തന്നെ സൗകര്യങ്ങളൊരുക്കാവുന്നതാണ്.

ഇതൊരു മഹാദുരന്തഘട്ടമാണ്. ജനങ്ങളുടെ ആരോഗ്യം വെച്ച് രാഷ്ട്രീയം കളിക്കരുത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ആളുകൾ വരുമ്പോൾ നമ്മുടെ സുരക്ഷ വെച്ച് പല കളികൾ നടന്നല്ലോ. പ്രവാസികൾക്കായി ഒരുക്കിയ സൗകര്യങ്ങൾ പോരാ എന്നതായിരുന്നല്ലോ മറ്റൊന്ന്. ഇത് ജനങ്ങൾക്കിടയിൽ ഭയം സൃഷ്ടിക്കാനുള്ള നീക്കമാണെന്നും മുഖ്യമന്ത്രി പറഞ്ഞു

Share this story