ഒടുവിൽ തട്ടിപ്പ് പുറത്തായി: വാങ്ങിയ വഖഫ് ഭൂമി തിരിച്ചു നൽകാമെന്ന് മുസ്ലീം ലീഗ് എംഎൽഎ

ഒടുവിൽ തട്ടിപ്പ് പുറത്തായി: വാങ്ങിയ വഖഫ് ഭൂമി തിരിച്ചു നൽകാമെന്ന് മുസ്ലീം ലീഗ് എംഎൽഎ

തൃക്കരിപ്പൂരിലെ വിവാദ വഖഫ് ഭൂമി കൈമാറ്റം റദ്ദാക്കും. വാങ്ങിയ ഭൂമി തിരിച്ചു നൽകുമെന്ന് മുസ്ലീം ലീഗ് എംഎൽഎ എംസി കമറുദ്ദീൻ ചെയർമാനായ ട്രസ്റ്റ് അറിയിച്ചു. വഖഫ് ഭൂമി കൈമാറിയത് നിയമവിരുദ്ധമായാണെന്ന് സംസ്ഥാന വഖഫ് ബോർഡിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

സമസ്തയുടെ കീഴിലെ ജാമിയ സാദിയ ഇസ്ലാമിയ എന്ന സംഘടന തൃക്കരിപ്പൂരിലെ സ്‌കൂൾ കെട്ടിടമടക്കം രണ്ടേക്കറോളം വരുന്ന ഭൂമി കമറുദ്ദീൻ ചെയർമാനും മറ്റ് മുസ്ലീം ലീഗ് നേതാക്കളും അംഗങ്ങളായ ട്രസ്റ്റിന് വിറ്റിരുന്നു. എന്നാലിത് വഖഫ് ഭൂമിയാണെന്നും കൈമാറ്റം നിയമവിരുദ്ധമാണെന്നും അന്വേഷണത്തിൽ കണ്ടെത്തി.

കള്ളത്തരത്തിന് ന്യായീകരണം ചമയാൻ മുസ്ലീം ലീഗ് എംഎൽഎ ശ്രമിച്ചെങ്കിലും ഒടുവിൽ സത്യം പുറത്തുവരികയായിരുന്നു. വാങ്ങിയ ഭൂമി വഖഫ് ബോർഡിന്റേതല്ലെന്നായിരുന്നു മുസ്ലീം ലീഗ് എംഎൽഎ വാദിച്ചിരുന്നത്. ഒടുവിൽ രേഖകൾ പുറത്തുവന്നതോടെയാണ് മുസ്ലീം ലീഗ് നേതാക്കളുടെ തട്ടിപ്പ് മറ നീക്കി പുറത്തുവന്നത്.

ഇതോടെ കോഴിക്കോട് ചേളാരിയിൽ നടന്ന സമസ്ത മുഷാവറ യോഗത്തിൽ ഭൂമി തിരിച്ചു നൽകാമെന്ന് മുസ്ലീം ലീഗ് എംഎൽഎ ചെയർമാനായ ട്രസ്റ്റ് അറിയിക്കുകയായിരുന്നു. ഭൂമി കൈമാറ്റം റദ്ദാക്കിയാലും മുസ്ലീം ലീഗ് എംഎൽഎ അടക്കമുള്ളവർ തട്ടിപ്പിന് നിയമനടപടി നേരിടേണ്ടി വരും.

Share this story