സമ്പര്‍ക്കത്തിലൂടെ രോഗബാധ 90 പേര്‍ക്ക്, അറുപതെണ്ണവും തലസ്ഥാനത്ത്; കടുത്ത ആശങ്കയില്‍ കേരളം

സമ്പര്‍ക്കത്തിലൂടെ രോഗബാധ 90 പേര്‍ക്ക്, അറുപതെണ്ണവും തലസ്ഥാനത്ത്; കടുത്ത ആശങ്കയില്‍ കേരളം

കേരളത്തില്‍ ആദ്യമായി കൊവിഡ് രോഗികളുടെ പ്രതിദിന കണക്ക് 300 കടന്നു. ഇന്ന് സംസ്ഥാനത്ത് 301 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനേക്കാളേറെ ഭയപ്പെടുത്തുന്നതാണ് സമ്പര്‍ക്കം വഴിയുള്ള രോഗികളുടെ എണ്ണം വര്‍ധിക്കുന്നത്. 90 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

90 പേരില്‍ 60 പേരും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവരാണ്. ഇതില്‍ ഭൂരിഭാഗവും പൂന്തുറ ഭാഗത്ത് നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എറണാകുളം ജില്ലയിലെ 9 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 7 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 5 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 3 പേര്‍ക്കും, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ 2 പേര്‍ക്ക് വീതവും, കൊല്ലം, ഇടുക്കി ജില്ലകളിലെ ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

കോട്ടയം ജില്ലയിലെ രണ്ടും ഇടുക്കി ജില്ലയിലെ ഒന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ തൃശൂര്‍ ജില്ലയിലെ 9 ബി.എസ്.എഫ്. ജവാനും കണ്ണൂര്‍ ജില്ലയിലെ ഒരു സി.ഐ.എസ്.എഫ്. ജവാനും ഒരു ഡി.എസ്.സി. ജവാനും, ആലപ്പുഴ ജില്ലയിലെ 3 ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിനും രോഗം ബാധിച്ചു. കേരളത്തില്‍ സമൂഹവ്യാപനം നടന്നിട്ടുണ്ടോയെന്ന് പോലും സംശയിക്കേണ്ട നിലയിലേക്കാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്.

Share this story