യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്താന്‍ ബിജെപിയുടെ ആസൂത്രിത ശ്രമം; യുഡിഎഫ് കൂട്ടുനില്‍ക്കുന്നുവെന്നും സിപിഎം

യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്താന്‍ ബിജെപിയുടെ ആസൂത്രിത ശ്രമം; യുഡിഎഫ് കൂട്ടുനില്‍ക്കുന്നുവെന്നും സിപിഎം

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്താനുള്ള ആസൂത്രിത ഗൂഢാലോചനയാണ് നടക്കുന്നതെന്ന് സിപിഎം. നയതന്ത്രബന്ധം വഴി സ്വര്‍ണം കടത്തി കൊണ്ടുവന്നവരെയും അതിന് പിന്നിലുള്ളവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. മുമ്പും പലതവണ നയതന്ത്ര വഴി ഉപയോഗിച്ച് സ്വര്‍ണം കടത്തിയതായാണ് പറയുന്നത്. അതൊന്നും പിടികൂടാന്‍ കസ്റ്റംസിന് സാധിച്ചില്ല

ഇതു സംബന്ധിച്ച് ഇതുവരെ അന്വേഷണമൊന്നും നടത്താതിരുന്നത് ആരെ സംരക്ഷിക്കാനായിരുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. സമഗ്രമായ അന്വേഷണം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കണം. ഇക്കാര്യം മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്

ഏത് അന്വേഷണമായാലും അതിനുള്ള എല്ലാ പിന്തുണയും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അതറിഞ്ഞിട്ടും വി മുരളീധരന്‍ നടത്തിയ ചില പ്രതികരണങ്ങള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറലാണ്. കോണ്‍ഗ്രസും ബിജെപിയും ഒരു സംഘം മാധ്യമങ്ങളും പുകമറ സൃഷ്ടിച്ച് സ്വര്‍ണക്കള്ളക്കടത്ത് എന്ന അടിസ്ഥാന പ്രശ്‌നത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടുകയാണ്.

ആരാണ് സ്വര്‍ണം കടത്തിയത്, ആര്‍ക്ക് വേണ്ടിയാണ്, എത്രകാലമായി ചെയ്തുവരുന്നു, ഇതിന് സഹായം നല്‍കുന്ന ശക്തികള്‍ ആരൊക്കെയാണ്, ആര്‍ക്കെല്ലാമാണ് പ്രയോജനം ലഭിച്ചത് എന്നിവയാണ് അടിസ്ഥാന ചോദ്യങ്ങള്‍. കസ്റ്റംസ് ഉദ്യോഗസ്ഥനെ ആദ്യം വിളിച്ചത് ബിഎംഎസ് നേതാവാണെന്ന് മനസ്സിലാക്കിയാണ് ശ്രദ്ധ തിരിച്ചുവിടാന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ശ്രമിച്ചത്. കള്ളന്‍ കള്ളന്‍ എന്ന് വിളിച്ചു കൂവി യഥാര്‍ഥ കള്ളനെ രക്ഷപ്പെടുത്താനാണ് ബിജെപിയുടെ ശ്രമം. യുഡിഎഫ് അതിന് കൂട്ടുനില്‍ക്കുകയാണ്.

Share this story