രോഗികളുടെ എണ്ണം കൂടിയാല്‍ സ്വകാര്യ മേഖലയുമായി സഹകരിക്കും; വലിയ ദുരന്തത്തെയാണ് അഭിമുഖീകരിക്കുന്നതെന്ന് മുഖ്യമന്ത്രി

രോഗികളുടെ എണ്ണം കൂടിയാല്‍ സ്വകാര്യ മേഖലയുമായി സഹകരിക്കും; വലിയ ദുരന്തത്തെയാണ് അഭിമുഖീകരിക്കുന്നതെന്ന് മുഖ്യമന്ത്രി

സാമൂഹ്യ വ്യാപനം തര്‍ക്ക വിഷയമാക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗസാധ്യത കൂടിയെന്ന് കരുതി ടെസ്റ്റംഗ് കൂട്ടാനും ചികിത്സ കൂടുതല്‍ നല്‍കാനുമാണ് ശ്രമിക്കുന്നത്. ഗുരുതര സ്ഥിതിയിലുള്ള രോഗികളെ ചികിത്സിക്കാന്‍ ഓരോ ജില്ലകളിലും രണ്ട് ആശുപത്രികളും അതല്ലാത്ത രോഗികളെ ചികിത്സിക്കാന്‍ പ്രഥമഘട്ട കൊവിഡ് ചികിത്സാ കേന്ദ്രങ്ങളും തയ്യാറാക്കി

രോഗികളുടെ എണ്ണം കൂടിയാല്‍ സ്വകാര്യ മേഖലയുമായി സഹകരിക്കും. ഇന്ത്യയിലെ മഹാനഗരങ്ങളെല്ലാം കൊവിഡിന് മുന്നില്‍ മുട്ടുമടക്കി. പിടിച്ചു നിന്ന ബാംഗ്ലൂര്‍ പോലും കാലിടറുകയാണ്. കഴിഞ്ഞ ദിവസം ആയിരത്തിലധികം കേസുകളാണ് ബാംഗ്ലൂരിലുണ്ടായത്. ചെന്നൈയിലെ സ്ഥിതി അതിലും മോശമാണ്.

ശ്രദ്ധ കൊടുത്തില്ലെങ്കില്‍ രോഗം പടര്‍ന്നുപിടിക്കും. ജനസാന്ദ്രത കൂടിയ കേരളത്തില്‍ ഇത് ഒട്ടാകെ വ്യാപിക്കാന്‍ ഒരുപാട് കാലം വേണ്ട. വലിയ ദുരന്തത്തെയാണ് അഭിമുഖീകരിക്കുന്നതെന്ന് മനസ്സലിലാക്കണം. മാര്‍ച്ച് 24ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം അഞ്ഞൂറില്‍പ്പരമാണ്. മരണസംഖ്യ 9 മാത്രം. ഇന്ന് കേസുകളുടെ എണ്ണം ഏഴ് ലക്ഷം കടന്നു. 21604 പേര്‍ മരിച്ചു

രോഗം ആസുരഭാവത്തോടെ അഴിഞ്ഞാടുമ്പോള്‍ പ്രതിരോധമുയര്‍ത്താന്‍ തയ്യാറാകണം. പകരം ആ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തരുത്. സാമൂഹിക അകലം പാലിച്ചും പ്രതിരോധ നടപടികള്‍ സ്വീകരിച്ചുമാണ് കേരളം ഇതുവരെ പിടിച്ചു നിന്നത്. അതില്‍ പാളിച്ച വന്നാല്‍ എല്ലാം നിക്ഷ്ഫലമാകും. രോഗം നമുക്കും എപ്പോള്‍ വേണമെങ്കില്‍ നിയന്ത്രണാതീതമായി പടര്‍ന്നേക്കാം.

Share this story