കെട്ടിയിട്ട് തല്ലും, 24 മണിക്കൂറിനുള്ളില്‍ സ്ഥലം മാറ്റും; ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീഷണിയുമായി സിപിഐ നേതാവ്

കെട്ടിയിട്ട് തല്ലും, 24 മണിക്കൂറിനുള്ളില്‍ സ്ഥലം മാറ്റും; ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീഷണിയുമായി സിപിഐ നേതാവ്

ഇടുക്കി മാങ്കുളത്ത് പരിശോധനക്കെത്തിയ റവന്യു-വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ സിപിഐ നേതാവിന്റെ ഭീഷണി. മാങ്കുളം റേഞ്ച് ഓഫീസറെ കെട്ടിയിട്ട് തല്ലുമെന്നായിരുന്നു സിപിഐ ലോക്കല്‍ സെക്രട്ടറി പ്രവീണ്‍ ജോസിന്റെ ഭീഷണി.

ആനക്കുളം റേഞ്ച് ഓഫീസറെ ഭീഷണിപ്പെടുത്തിയതിനും പ്രവീണ്‍ ജോസിനെതിരെ കേസുണ്ട്. ഭീഷണി സംബന്ധിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മൂന്നാര്‍ പോലീസില്‍ പരാതി നല്‍കി. മാങ്കുളം അമ്പതാം മൈസില്‍ വനംവകുപ്പ് നിര്‍മിച്ച ട്രഞ്ചിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ഭീഷണിയിലേക്ക് എത്തിയത്.

റെയ്ഞ്ച് ഓഫീസറെ കെട്ടിയിട്ട് തല്ലുമെന്നും ഇത് സിപിഐ ലോക്കല്‍ സെക്രട്ടറിയാണ് പറയുന്നതെന്നും ഇയാള്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. സ്ഥലം മാറ്റാന്‍ തീരുമാനിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ മാറ്റാം. എന്നാല്‍ തരാനുള്ളത് തന്നിട്ടേ മാറ്റുവെന്നും ലോക്കല്‍ സെക്രട്ടറി പറഞ്ഞു.

മണ്ണിടിച്ചിലിന് കാരണമായേക്കാവുന്ന ട്രഞ്ച് ഇടിച്ച് നിരത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് തഹസില്‍ദാര്‍, ഡിഎഫ്ഒ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനക്ക് എത്തിയത്. ഇതിനിടയിലാണ് ഇയാള്‍ വന്ന് ഭീഷണി മുഴക്കിയത്.

കാട്ടാനകളെ തടയാനെന്ന പേരില്‍ വനംവകുപ്പ് ഓഫീസ് സംരക്ഷിക്കാനാണ് ട്രഞ്ച് നിര്‍മിച്ചതെന്നും നാട്ടുകാര്‍ക്ക് ഇതുകൊണ്ട് പ്രയോജനമില്ലെന്നുമാണ് സിപിഐ ആരോപിക്കുന്നത്. വനംവകുപ്പ് ജീവനക്കാര്‍ മോശമായി സംസാരിച്ചതിനെ തുടര്‍ന്നുണ്ടായ രോഷപ്രകടനമാണ് തന്റെ ഭാഗത്ത് നിന്ന് സംഭവിച്ചതെന്ന് പ്രവീണ്‍ ജോസ് പറഞ്ഞു.

Share this story