കോഴിക്കോട് ജ്വല്ലറിയിലെ മുഴുവന്‍ അനധികൃത സ്വര്‍ണ്ണവും പിടിച്ചെടുത്ത് കസ്റ്റംസ്

കോഴിക്കോട് ജ്വല്ലറിയിലെ മുഴുവന്‍ അനധികൃത സ്വര്‍ണ്ണവും പിടിച്ചെടുത്ത് കസ്റ്റംസ്

തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര പാഴ്സലിലൂടെ സ്വര്‍ണ്ണം കടത്തിയ കേസില്‍ മലബാര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ശക്തമാക്കുകയാണ് കസ്റ്റംസും ഐഎന്‍ഐയും. കടത്തിയ സ്വര്‍ണ്ണം മുന്‍പും പല തവണയായി കോഴിക്കോട് ജില്ലയിലെ വിവിധ ജ്വല്ലറ്റികള്‍ എത്തിയെന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തല്‍. കസ്റ്റഡിയിലെടുത്ത എരഞ്ഞിക്കല്‍ സ്വദേശി സംജു വഴിയാണ് തിരുവനന്തപുരത്ത് നിന്നും സ്വര്‍ണ്ണം കോഴിക്കോടെ ജ്വല്ലറികളിലേക്ക് എത്തിയത്. സ്വര്‍ണ്ണവുമായി പലതവണ സംജുവിന്‍റെ വീട്ടില്‍ പോയിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം പിടിയിലായ മലപ്പുറം ഐക്കരപ്പടി സ്വദേശി മുഹമ്മദ് ഷാഫി മൊഴി നല്‍കിയത്.

വ്യക്തമായ തെളിവുകള്‍ ലഭിച്ചതോടെ 15 ന് കസ്റ്റഡിയെലുത്ത സംജവിന്‍റെ അറസ്റ്റ് ഇന്നലെ കസ്റ്റംസ് രേഖപ്പെടുത്തുകയും ചെയ്തു. ഇയാളുടെ വീട്ടിലെ സിസിടിവി അടക്കമുള്ള തെളിവുകളും അന്വേഷണം സംഘം ശേഖരിച്ചിട്ടുണ്ട്. ഇയാള്‍ക്ക് കോഴിക്കോട് നഗരത്തില്‍ കണ്‍വന്‍ഷന്‍ സെന്‍ററില്‍ പങ്കാളിത്തവും പലയിടങ്ങളിലായി കെട്ടിടങ്ങളും മറ്റ് വ്യാപാര കേന്ദ്രങ്ങളുമുണ്ട്.

ദമാമില്‍ ഹോട്ടലും ദുബായില്‍ മൊബൈല്‍ കടയും ഇയാള്‍ക്ക് സ്വന്തമായി ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നഗരത്തിലെ ജ്വല്ലറി ഉടമയായ അടുത്ത ബന്ധു മുന്‍പ് പല തവണ സ്വര്‍ണ്ണക്കടത്തിന് അറസ്റ്റിലായിട്ടുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 6 കിലോ ഗ്രാം സ്വര്‍ണ്ണം പിടിച്ച കേസില്‍ അറസ്റ്റിലായ ശേഷം ഈയിടെയാണ് ജമ്യത്തിലറങ്ങിയത്.

ഇയാളുടെ ജ്വല്ലറി സംജുവിന്‍റെ കള്ളക്കടത്തിന് മറയായിരുന്നുവെന്നാണ് കസ്റ്റംസ് വിലയിരുത്തുന്നത്. ഇയാളുടെ മറ്റൊരു ബന്ധുവും രണ്ട് വര്‍ഷം മുന്‍പ് രാമനാട്ടു കരയില്‍ നിന്ന് സ്വര്‍ണ്ണവുമായി കസ്റ്റംസ് പിടിയിലായിരുന്നു. സംജു അടക്കമുള്ളവരില്‍ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് ജില്ലയിലെ ജ്വല്ലറികളില്‍ കസ്റ്റംസ് ഇന്ന് മണിക്കൂറുകളോളം പരിശോധന നടത്തി.

അരക്കിണറുള്ള ഹെസ്സ ജ്വല്ലറിയിലാണ് കസ്റ്റംസ് പ്രധാനമായും പരിശോധന നടത്തിയത്. ഈ ജ്വല്ലറിയില്‍ സൂക്ഷിച്ച മുഴുവന്‍ സ്വര്‍ണ്ണം അനധികൃതമെന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തല്‍. ഇവിടുത്തെ മുഴുവന്‍ സ്വര്‍ണ്ണം കസ്റ്റംസ് കസ്റ്റഡിയില്‍ എടുക്കും. ര്‍ണ്ണം പിടിച്ചെടുക്കല്‍ നടപടി തുടരുമെന്നും സ്വര്‍ണ്ണത്തിന്‍റെ ഉറവിടം അന്വേഷിക്കുകയാണെന്നും കസ്റ്റംസ് പറഞ്ഞു.

ജ്വല്ലറി ഉടമയേയും മറ്റൊരാളേയും കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സ്വര്‍ണ്ണക്കടത്തിനായി ഇരുവരും പണം നിക്ഷേപിച്ചിട്ടുണ്ടെന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തല്‍. കസ്റ്റഡിയിലുള്ള ജിഫ്സല്‍ എന്നയാള്‍ കഴിഞ്ഞ ഓഗസ്റ്റില്‍ സ്വർണ്ണക്കടത്തിന് നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായിരുന്നു.

കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ജ്വല്ലറികളുള്ള കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയടക്കമുള്ള പലഭാഗത്തും സ്വർണ്ണക്കടത്തുമായി ബന്ധമുള്ള ആളുകളുണ്ടെന്ന ആരോപണമുയർന്നിരുന്നു. എന്നാല്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജിലെ സ്വര്‍ണ്ണക്കടത്തുമായി ഈ മേഖലയ്ക്ക് ബന്ധമുണ്ടോയെന്ന കാര്യത്തില്‍ കസ്റ്റംസ് ഇതുവരെ വ്യക്ത നല്‍കിയിട്ടില്ല.

അതേസമയം, സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടിയിലായ കെടി റമീസും അംജദ് അലിയും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനടുത്തുള്ള ഫ്ലാറ്റില്‍ ചര്‍ച്ച നടത്തിയിരുന്നതായുള്ള വെളിപ്പെടുത്തല്‍ പുറത്തു വന്നിട്ടുണ്ട്. പാലക്കാട്ട് അംജദ് മാനേജിങ് പാർട്ണറായി തുടങ്ങിയ അവോറ വെഞ്ച്വേഴ്സ് എന്ന ഇന്റീരിയർ ഡിസൈൻ സ്ഥാപനത്തിലെ മൂന്നു ഡയറക്ടർമാരിലൊരാളാണ് ഇത് സംബന്ധിച്ച മൊഴി നല്‍കിയത്.

ആന്ധ്രയിൽ 50 കോടിയുടെ കരാറിന്റെ കാര്യം സംസാരിക്കാൻ തിരുവനന്തപുരത്തു പോകുന്നുവെന്നു അംജദ് പറഞ്ഞിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. മുഹമ്മദ് ഷാഫി വഴിയാണ് കരാര്‍ വന്നതെന്നും തിരുവന്തപുരത്ത് ചെന്നാണ് റമീസുമായി ഫ്ലാറ്റില്‍ കൂടിക്കാഴ്ച നടത്തിയതെന്നും അംജദ് പറഞ്ഞിരുന്നെന്നുമാണ് ഇയാള്‍ വെളിപ്പെടുത്തുന്നത്.

Share this story