PWCയെ ഒഴിവാക്കിയായി അറിയില്ല: പ്രതിഛായ ഇടിഞ്ഞിട്ടില്ല, ചിലര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി

PWCയെ ഒഴിവാക്കിയായി അറിയില്ല: പ്രതിഛായ ഇടിഞ്ഞിട്ടില്ല, ചിലര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി

പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിനെ ഇ മൊബിലിറ്റി കൾസൾട്ടൻസി സ്ഥാനത്ത് നിന്ന് മാറ്റിയതായി അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് അന്വേഷിച്ചിട്ട് പറയാം. കമ്പനിയെ ഒഴിവാക്കിയതായ റിപ്പോർട്ടുകളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഉദ്യോഗസ്ഥർ പല കുറിപ്പും നൽകിയതായും വരും. ഇ മൊബിലിറ്റിയുമായി എന്തെങ്കിലും അറിയിക്കാനുണ്ടെങ്കിൽ അറിയിക്കും. ഏതെങ്കിലും ഒരു ഉദ്യോഗസ്ഥൻ ഏതെങ്കിലും ഒരുകുറിപ്പെഴുതിയാൽ അത് സർക്കാർ തീരുമാനമായി മാറുമോ. ആ കുറിപ്പിന് മേലെ നടപടി വന്ന് അതിന് അംഗീകാരമായാൽ മാത്രമേ തീരുമാനമാകൂ. പല നിർദേശവും വന്നുവെന്ന് വരും. സർക്കാരിന്റെ പ്രതിഛായക്ക് ഒരു കുഴപ്പവുമില്ല. പ്രതിഛായ ഇടിക്കാൻ പറ്റുമോ എന്നാണ് ചിലർ ശ്രമിക്കുന്നത്. കുറച്ചു ദിവസം കഴിഞ്ഞ് നമുക്ക് കുറഞ്ഞോ കൂടിയോ എന്ന് നോക്കാം. ബോധപൂർവ്വം സംഘടിപ്പിച്ച പ്രചാരവേലയാണത്.

ആകെ അട്ടിമറിഞ്ഞുപോകുമെന്ന് തെറ്റിദ്ധരിക്കേണ്ട. തത്കാലം ഒരു ആശ്വാസം തോന്നുന്നുണ്ടാവും. വല്ലാത്തൊരു പുകമറ സൃഷ്ടിക്കാൻ കഴിയുമോ എന്നാണ് നോക്കുന്നത്. അതിന് അൽപ ആയുസ്സ് മാത്രമേയുള്ളൂ. സത്യങ്ങളും യാഥാർഥ്യങ്ങളും വസ്തതുകളും പുറത്തുവരും. അപ്പോൾ കെട്ടിച്ചമച്ച എല്ലാ കാര്യങ്ങളും അതേ പോലെയങ്ങ് പോകും. ഇതോടെ എല്ലാം തീരുകയല്ല. ബന്ധപ്പെട്ടവരെല്ലാം കുടുങ്ങട്ടെ. കഴിഞ്ഞ മുഖ്യമന്ത്രിയുടെ ഓഫീസ് പോലെയാണോ ഇപ്പോൾ. ഏതെങ്കിലും രണ്ട് സ്ത്രീകളുമായി താരതമ്യം ചെയ്യുന്നു. എന്തായിരുന്നു അതിന്റെ ഉദ്ദേശ്യം. അറിഞ്ഞുകൊണ്ട് പ്രതിഛായ ഇടിച്ചുതാഴ്ത്താൻ ശ്രമിക്കുകയാണ്.

ഏതെങ്കിലും തെറ്റ് ചെയ്ത ആൾക്ക് ഈ സർക്കാരിൽ നിന്ന് സംരക്ഷണം കിട്ടുമോ. സ്വർണക്കടത്ത് കേസ് സർക്കാരിന്റെ പ്രതിഛായയെ വല്ലാതെ ബാധിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Share this story