കീം പരീക്ഷക്ക് കുട്ടിയെ കൊണ്ടുവന്ന ഒരു രക്ഷിതാവിനും കൊവിഡ്; തലസ്ഥാനത്ത് ആശങ്ക വർധിക്കുന്നു

കീം പരീക്ഷക്ക് കുട്ടിയെ കൊണ്ടുവന്ന ഒരു രക്ഷിതാവിനും കൊവിഡ്; തലസ്ഥാനത്ത് ആശങ്ക വർധിക്കുന്നു

കീം പരീക്ഷയെഴുതിയ രണ്ട് വിദ്യാർഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പുറമെ കുട്ടിയെ കൊണ്ടുവന്ന ഒരു രക്ഷിതാവിനും രോഗബാധ സ്ഥിരീകരിച്ചു. മണക്കാട് സ്വദേശിയായ രക്ഷിതാവിനാണ് രോഗം സ്ഥിരീകരിച്ചത്.

പരീക്ഷ അവസാനിക്കുന്നതുവരെ രക്ഷിതാവ് സ്‌കൂളിന് മുന്നിൽ ഉണ്ടായിരുന്നു. ഇവിടെ ഉണ്ടായിരുന്ന മുഴുവൻ രക്ഷിതാക്കളോടും ജാഗ്രത പാലിക്കാൻ ജില്ലാ കളക്ടർ ആവശ്യപ്പെട്ടു. രോഗലക്ഷണങ്ങൾ ഉള്ളവർ ഉടൻ ആശുപത്രിയിലെത്തണമെന്നും നിർേദശിച്ചു.

രോഗം ബാധിച്ച വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ ഹാളിലുണ്ടായിരുന്ന 20 വിദ്യാർഥികളെയും ഇൻവിജിലേറ്റർമാരെയും നിരീക്ഷണത്തിലേക്ക് മാറ്റി. ഇവരുടെ പട്ടിക പ്രവേശന പരീക്ഷ കമ്മീഷണർ ആരോഗ്യ വകുപ്പിന് കൈമാറി.

തൈക്കാട് കേന്ദ്രത്തിൽ പരീക്ഷ എഴുതിയ പൊഴിയൂർ സ്വദേശിക്കും, കരമനയിൽ പരീക്ഷ എഴുതിയ കരകുളം സ്വദേശിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നതിനാൽ കരകുളം സ്വദേശിയെ ഒറ്റക്കിരുത്തിയാണ് പരീക്ഷ എഴുതിച്ചത്.

Share this story