ബെല്ലി ഡാന്‍സ് നടത്തി വിവാദത്തിലായ വ്യവസായിയുടെ റോഡ് ഷോ; ബെന്‍സും ലോറികളും പൊലീസ് പിടിച്ചെടുത്തു

ബെല്ലി ഡാന്‍സ് നടത്തി വിവാദത്തിലായ വ്യവസായിയുടെ റോഡ് ഷോ; ബെന്‍സും ലോറികളും പൊലീസ് പിടിച്ചെടുത്തു

കോതമംഗലം: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഇടുക്കി രാജാപ്പാറയില്‍ നിശാ പാര്‍ട്ടിയും ബെല്ലി ഡാന്‍സും നടത്തിയ വ്യവസായി റോയ് കുര്യന്‍ ബെന്‍സും ലോറികളും നിരത്തി റോഡ് ഷോ നടത്തി വീണ്ടും വിവാദത്തില്‍.

കോതമംഗലത്ത് ബെന്‍സ് കാറിന് പിന്നില്‍ എട്ട് ലോറികള്‍ കൂട്ടിക്കെട്ടിയാണ് തണ്ണിക്കോട്ട് ഗ്രാനെറ്റ്‌സ് ഉടമയായ റോയ് കുര്യന്‍ ‘ഷോ’ നടത്തിയത്. തുടര്‍ന്ന് ബെന്‍സും ലോറികളും കോതമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു.

റോയി കുര്യനെതിരെയും ലോറി ഡ്രൈവര്‍മാര്‍ക്കെതിരെയും കേസും രജിസ്റ്റര്‍ ചെയ്തു. അപകടകരമായി വാഹനമോടിക്കല്‍, കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കല്‍ എന്നിവ ചുമത്തിയാണ് നടപടി.

ഭൂതത്താന്‍ കെട്ടില്‍ നിന്ന് കോതമംഗലം വരെയാണ് ഇയാള്‍ റോഡ് ഷോ നടത്തിയത്. ഫോട്ടോഷൂട്ടും നടത്തിയിരുന്നു. കഴിഞ്ഞ മാസം 28നാണ് തണ്ണിക്കോട് മെറ്റല്‍സിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ബെല്ലി ഡാന്‍സും നിശാ പാര്‍ട്ടിയും നടത്തിയത്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് നടത്തിയ പരിപാടി വന്‍ വിവാദമായിരുന്നു.

Share this story