ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടം: കേസ് സിബിഐ ഏറ്റെടുത്തു

ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടം: കേസ് സിബിഐ ഏറ്റെടുത്തു

ബാലഭാസ്‌കറിന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടം സംബന്ധിച്ച കേസ് സിബിഐ ഏറ്റെടുത്തു. ബാലഭാസ്‌കറിന്റെ പിതാവിന്റെ ആവശ്യപ്രകാരമാണ് സംസ്ഥാന സർക്കാർ കേസ് സിബിഐയെ ഏൽപ്പിക്കാൻ തീരുമാനിച്ചത്. സ്വർണക്കടത്ത് മാഫിയക്കടക്കം മരണത്തിൽ പങ്കുണ്ടെന്ന ആരോപണം കുടുംബം ഉന്നയിച്ച സാഹചര്യത്തിലാണ് കേസ് സിബിഐ ഏറ്റെടുക്കുന്നത്.

ബാലഭാസ്‌കറിന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് എത്തിയിരുന്നത്. അമിത വേഗത്തെ തുടർന്ന് നിയന്ത്രണം തെറ്റിയ വാഹനം മരത്തിൽ ഇടിച്ചാണ് അപകടം നടന്നത് എന്നായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയത്. എന്നാൽ കേസിൽ ഗൂഢാലോചന നടന്നുവെന്ന് വിശ്വസിക്കുന്നതായും സർക്കാരിൽ വിശ്വാസമുണ്ടെന്നും ബാലഭാസ്‌കറിന്റെ പിതാവ് കെ സി ഉണ്ണി മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ പറയുന്നു

വാഹനാപകടം നടക്കുമ്പോൾ കാറോടിച്ചിരുന്നത് ഡ്രൈവർ അർജുനായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചത്. എന്നാൽ ബാലഭാസ്‌കറാണ് വാഹനമോടിച്ചതെന്നാണ് അർജുൻ പോലീസിനോട് പറഞ്ഞത്. അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന ഭാര്യ ലക്ഷ്മി നൽകിയ മൊഴി പ്രകാരം ബാലഭാസ്‌കർ പിന്നിലെ സീറ്റിലായിരുന്നു. തുടർന്ന് അന്വേഷണത്തിൽ അർജുൻ പറഞ്ഞത് കള്ളമാണെന്ന് തെളിയുകയായിരുന്നു.

 

Share this story