കൊവിഡ് പ്രതിരോധത്തിൽ സർക്കാരിന്റെ പങ്കെന്താണ്; ഓരോന്നായി വിശദീകരിച്ച് മുഖ്യമന്ത്രി

കൊവിഡ് പ്രതിരോധത്തിൽ സർക്കാരിന്റെ പങ്കെന്താണ്; ഓരോന്നായി വിശദീകരിച്ച് മുഖ്യമന്ത്രി

കൊവിഡ് പ്രതിരോധത്തിനായി സർക്കാർ സ്വീകരിച്ച നടപടികളെ കുറിച്ച് വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന് കൊവിഡ് പ്രതിരോധത്തിൽ എന്ത് പങ്കെന്ന് ചോദ്യം കേട്ടു. നാൾ വഴി പരിശോധിച്ചാൽ ഇതിന് ഉത്തരമുണ്ടാകും. ജനുവരി 30നാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിരോധ പ്രവർത്തനത്തിന് അതിലേറെ പഴക്കമുണ്ട്. ജനുവരി രണ്ടാം വാരം മുതൽ ആരോഗ്യ വകുപ്പ് ഉണർന്ന് പ്രവർത്തിച്ചു. അംഗീകരിക്കപ്പെട്ട പ്രോട്ടോക്കോൾ ഇല്ലാതിരുന്നപ്പോഴും നടപടികളുമായി മുന്നോട്ടുപോയി

നാം നടത്തിയ ചിട്ടയായ പ്രവർത്തനമാണ് അപകടത്തിലേക്ക് പോകാതെ കേരളത്തെ രക്ഷിച്ചത്. ആരോഗ്യ മേഖലയിൽ കൊവിഡ് പ്രതിരോധത്തിന് ഒറ്റ ദിവസം കൊണ്ട് 276 ഡോക്ടർമാരെ നിയമിച്ചു. കാസർകോട് മെഡിക്കൽ കോളജ് പ്രവർത്തന സജ്ജമാക്കി. 273 തസ്തിക സൃഷ്ടിച്ചു. 980 ഡോക്ടർമാർക്ക് താത്കാലിക നിയമനം നൽകി. 6700 താത്കാലിക തസ്തികകളിലേക്ക് എൻ എച്ച് എം വഴി നിയമനം നടത്തി.

കൊവിഡ് രോഗികൾക്ക് മാത്രമായി ആയിരത്തോളം ആംബുലൻസുകൾ സജ്ജമാക്കി. 50 മൊബൈൽ മെഡിക്കൽ യൂനിറ്റുകൾ പ്രവർത്തിക്കുന്നു. ആശുപത്രികളെ വളരെ പെട്ടെന്ന് കൊവിഡ് ആശുപത്രികളാക്കി. സൗകര്യം സജ്ജമാക്കി. 105, 95 വയസ്സുള്ള രോഗികളെ വരെ ചികിത്സിച്ച് ഭേദമാക്കി. വാർഡ് തല സമിതി തുടങ്ങി മുകളറ്റം വരെയുള്ള നിരീക്ഷണ സംവിധാനമാണ് സംസ്ഥാനത്തിന്റെ കരുത്ത്

ഒരാൾ പോലും പട്ടിണി കിടക്കരുത്, ഒരു ജീവി പോലും കരുതലിന് പുറത്താകരുത്, ലോക്ക് ഡൗണിലും അൺ ലോക്കിലും സർക്കാർ നിലപാട് ഇതായിരുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 20,000 കോടിയുടെ പാക്കേജ് സംസ്ഥാനം നടപ്പാക്കി. 60 ലക്ഷം പേർക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകി. ക്ഷേമപെൻഷൻ ലഭിക്കാത്ത 15 ലക്ഷം കുടുംബങ്ങൾക്ക് ആയിരം രൂപ വീതം ധനസഹായം നൽകി. വിവിധ ക്ഷേമനിധി അംഗങ്ങൾക്ക് ധനസഹായം നൽകി. കുടുംബശ്രീ വഴി 2000 കോടി രൂപ വിതരണം ചെയ്യാൻ പദ്ധതി തയ്യാറാക്കി. 1,84,474 പേർക്കായി 1742.32 കോടി രൂപ വിതരണം ചെയ്തു

85 ലക്ഷം കുടുംബങ്ങൾക്ക് ധാന്യം വിതരണം ചെയ്തു. പലവ്യഞ്ജന കിറ്റ് സൗജന്യമായി നൽകി. അങ്കണവാടികളിൽ നിന്ന് കുട്ടികൾക്ക് പോഷകാഹാരം വീടുകളിൽ എത്തിച്ചു. 26 ലക്ഷം വിദ്യാർഥികൾക്ക് സൗജന്യ ഭക്ഷ്യകിറ്റ് നൽകി. ഇങ്ങനെയെല്ലാം സാധ്യമായ എല്ലാ ഇടപെടലും ആറ് മാസത്തിൽ കേരളത്തിൽ നടത്തി. കൊവിഡിനൊപ്പം ഇനിയും നാം സഞ്ചരിക്കേണ്ടി വരും. അതിന് സജ്ജമാകുകയാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു

 

Share this story