വനംവകുപ്പ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവം; വനം വകുപ്പിനോട് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച്

വനംവകുപ്പ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവം; വനം വകുപ്പിനോട് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച്

കുടപ്പന ചിറ്റാറിൽ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ രേഖകൾ ഹാജരാക്കാൻക്രൈം ബ്രാഞ്ച് വനം വകുപ്പിനോട് ആവശ്യപ്പെട്ടു . കസ്റ്റഡി നിയമ വിരുദ്ധമാണ്. ജിഡിയും കസ്റ്റഡി രേഖകളും ഹാജരാക്കാൻ ക്രൈം ബ്രാഞ്ച് നിർദേശിച്ചു.

സംഭവത്തില്‍ നാല് വനപാലകരുടെ മൊഴിയെടുത്തു. മൊഴികളിൽ വൈരുദ്ധമുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി. രണ്ട് ഉദ്യോഗസ്ഥരോട് ഹാജരാകാനും അന്വേഷണ സംഘത്തിന്‍റെ നിർദേശം.

അതേസമയം കേസിൽ നടപടിയെടുക്കാതെ മൃതദേഹം സംസ്‌ക്കരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് മരിച്ച മത്തായിയുടെ കുടുംബം. മത്തായിയെ വീട്ടിൽ നിന്ന് പിടിച്ചുകൊണ്ടുപോകുകയായിരുന്നു. കാര്യം ചോദിച്ച അമ്മയെ ഉദ്യോഗസ്ഥർ പിടിച്ചു തള്ളി.

സംഭവം നടന്ന സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ തലേ ദിവസം തന്നെ എത്തിയിരുന്നു. കാര്യങ്ങൾ മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണ് നടന്നത്. മത്തായിയെ കാട്ടിൽ കൊണ്ടുപോയി ഉദ്യോഗസ്ഥർ മർദിച്ചു. ബോധരഹിതനായതോടെ കിണറ്റിൽ തള്ളുകയായിരുന്നു.

Share this story