രാമക്ഷേത്രം: കോൺ​ഗ്രസ് നിലപാട് മതസ്പർദ്ധ വളർത്തും, പ്രിയങ്ക ഗാന്ധിക്കെതിരെ പ്രമേയം പാസാക്കി മുസ്ലിംലീ​ഗ്

രാമക്ഷേത്രം: കോൺ​ഗ്രസ് നിലപാട് മതസ്പർദ്ധ വളർത്തും, പ്രിയങ്ക ഗാന്ധിക്കെതിരെ പ്രമേയം പാസാക്കി മുസ്ലിംലീ​ഗ്

അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തെ പിന്തുണച്ച കോൺ​ഗ്രസ് നേതാവും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ​ഗാന്ധിക്കെതിരെ മുസ്ലിം ലീ​ഗിന്റെ പ്രമേയം. കോഴിക്കോട് ചേർന്ന ലീഗ് അടിയന്തര നേതൃയോഗമാണ് പ്രിയങ്ക ​ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ പ്രമേയം പാസാക്കിയത്. രാമക്ഷേത്രത്തിനുള്ള ആശംസ അനവസരത്തിലാണ്. പ്രിയങ്കാഗാന്ധിയുടെ പ്രസ്താവനയെ ശക്തമായി എതിർക്കുന്നുവെന്നും മുസ്ലിം ലീ​ഗ് നേതാവും എംപിയുമായ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോൺഗ്രസ് നിലപാട് മതസ്പർദ്ധ വളർത്തുമെന്ന് ഇ ടി മുഹമ്മദ് ബഷീർ എംപിയും പറഞ്ഞു. ബാബറി മസ്ജിദ് വിഷയത്തിൽ മുസ്ലിം ലീഗ് എടുത്ത മതേതര നിലപാട് ചരിത്രത്തിൽ ഇടംനേടിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാമക്ഷേത്ര നിർമ്മാണത്തെ എതിർക്കേണ്ടത് കോൺഗ്രസിന്‍റെ സ്വാഭാവിക ചുമതലയാണെന്ന് എഡിറ്റോറിയലിലൂടെ ലീ​ഗ് മുഖപത്രം ചന്ദ്രിക വിമർശനം ഉന്നയിച്ചിരുന്നു. മതേതരത്വത്തെ വെല്ലുവിളിച്ചും അധികാരവും സംഘടനാ ശക്തിയുമുപയോഗിച്ചാണ് ക്ഷേത്ര നിർമ്മാണം നടക്കുന്നത്. ഇതിനെ എതിർക്കേണ്ടത് കോൺഗ്രസിനെ പോലെയുള്ള പാർട്ടിയുടെ സ്വാഭാവിക ചുമതലയാണ്. അയോധ്യ വിധി വന്നപ്പോഴും ക്ഷേത്ര നിർമ്മാണ സമയത്തും കോൺഗ്രസ് നിലപാടിൽ മാറ്റമില്ലെന്നാണ് വ്യക്തമാവുന്നത്. വിഷയത്തിൽ സിപിഎം നിലപാട് ഇരട്ടത്താപ്പാണെന്നും ചന്ദ്രിക കുറ്റപ്പെടുത്തിയിരുന്നു.

അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് ട്വിറ്ററിലൂടെയാണ് പ്രിയങ്ക ഗാന്ധി ഇന്നലെ പിന്തുണ അറിയിച്ചത്. ക്ഷേത്രനിർമാണത്തിനുള്ള ഭൂമി പൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്‌കാരിക കൂട്ടായ്മയ്ക്കുമുള്ള അവസരമാണ്. രാമനെന്നാൽ ധൈര്യവും ത്യാ​ഗവും സംയമനവും പ്രതിബദ്ധതയുമാണ്. എല്ലാവർക്കുമൊപ്പവും എല്ലാവരിലും രാമനുണ്ടെന്നുമാണ് പ്രിയങ്ക ട്വിറ്ററിൽ കുറിച്ചത്. കോൺ​ഗ്രസിലെ മുതിർന്ന നേതാക്കളും രാമക്ഷേത്ര നിർമ്മാണത്തെ പിന്തുണച്ച് എത്തിയിരുന്നു. രാമക്ഷേത്ര നിർമ്മാണത്തിന് തങ്ങൾ എതിരല്ല. പളളി പൊളിച്ച് അമ്പലം നിർമ്മിക്കുന്നതിലാണ് എതിർപ്പുളളതാണെന്നാണ് കോൺ​ഗ്രസ് നേതാക്കളുടെ നിലപാട്.

അയോധ്യയിലെ രാമക്ഷേത്രം നിർമിക്കുന്നത് എല്ലാ ഇന്ത്യക്കാരുടെയും സമ്മതത്തോടെയാണെന്നായിരുന്നു മധ്യപ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ് കഴിഞ്ഞ ദിവസം പറഞ്ഞത്. രാമക്ഷേത്ര നിർമാണത്തെ സ്വാഗതം ചെയ്യുന്നു. ഇത് ഇന്ത്യയിൽ മാത്രമേ സംഭവിക്കൂവെന്നും കമൽനാഥ് ട്വിറ്ററിലെ വീഡിയോയിലൂടെ പറഞ്ഞിരുന്നു.

രാമക്ഷേത്രം നിർമിക്കണമെന്ന് രാജീവ് ഗാന്ധി ആവശ്യപ്പെട്ടിരുന്നെന്ന് മധ്യപ്രദേശ് മുൻമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ദിഗ് വിജയ് സിങ്ങും അഭിപ്രായപ്പെട്ടിരുന്നു. ശ്രീരാമനാണ് എല്ലാ വിശ്വാസങ്ങളുടെയും കേന്ദ്രം. രാജ്യം ഇന്നു മുന്നോട്ടുപോകുന്നത് ശ്രീരാമനിലുള്ള വിശ്വാസംകൊണ്ടാണ്. അതിനാലാണ് രാമൻ ജനിച്ച അയോധ്യയിൽ ഒരു ക്ഷേത്രം വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നത്. രാജീവ് ഗാന്ധിയും ഇത് ആഗ്രഹിച്ചിരുന്നുവെന്നും ദ്വിഗ് വിജയ് സിങ് ട്വിറ്ററിൽ കുറിച്ചിരുന്നു. കോൺ​ഗ്രസ് നേതാവായ മനീഷ് തീവാരിയും രാമക്ഷേത്ര നിർമ്മാണത്തെ പിന്തുണച്ചിരുന്നു.

Share this story