സ്വർണക്കടത്ത്: എൻഐഎ സംഘം ദുബൈയിലേക്ക്; ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യും

സ്വർണക്കടത്ത്: എൻഐഎ സംഘം ദുബൈയിലേക്ക്; ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യും

സ്വർണക്കടത്ത് കേസിൽ കൂടുതൽ അന്വേഷണത്തിനായി എൻഐഎ സംഘം ദുബൈയിലേക്ക് പോകുന്നു. നാലാം പ്രതി ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യുന്നതിനായാണ് എൻഐഎ സംഘം ദുബൈയിലേക്ക് പോകുന്നത്. ഫൈസൽ ഫരീദ് നിലവിൽ ദുബൈ പോലീസിന്റെ കസ്റ്റഡിയിലാണ്.

സ്വർണക്കടത്ത് കേസിൽ യുഎഇയും ആഭ്യന്തര അന്വേഷണം നടത്തുന്നുണ്ട്. ഇന്ത്യ നടത്തുന്ന അന്വേഷണവുമായി സഹകരിക്കുമെന്നും യുഎഇ അറിയിച്ചിട്ടുണ്ട്. ഇതേ തുടർന്നാണ് അന്വേഷണ സംഘം യുഎഇയിലേക്ക് പോകുന്നത്. ഒരു എസ് പി അടക്കം രണ്ട് പേരാണ് ദുബൈയിലേക്ക് പോകുന്നത്.

സംഘത്തിന് ദുബൈയിലേക്ക് പോകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതിയായ റോബിൻസണെ കസ്റ്റഡിയിലെടുക്കാനും ഈ യാത്രക്കിടെ സാധ്യതയുണ്ട്. അതേസമയം ഫൈസൽ ഫരീദിനെ ഇന്ത്യക്ക് കൈമാറുമോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല

കേസ് പൊന്തിവന്നതിന് പിന്നാലെ രാജ്യം വിട്ട അറ്റാഷെ ഇപ്പോൾ യുഎഇയിലുണ്ട്. ഇദ്ദേഹവുമായി കൂടിക്കാഴ്ചക്ക് അവസരമൊരുക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

 

Share this story