അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നു,പുഴകളും കരകവിഞ്ഞൊഴുകുന്നു; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം, കടലിന്റെ സേനയും ഇറങ്ങി

അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നു,പുഴകളും കരകവിഞ്ഞൊഴുകുന്നു; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം, കടലിന്റെ സേനയും ഇറങ്ങി

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നു. മുല്ലപ്പെരിയാറിൽ ജലനിരപ്പ് അതിവേഗമാണ് ഉയരുന്നത്. 24 മണിക്കൂറിൽ മുല്ലപ്പെരിയാറിൽ 190.04 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ഏഴടിയോളം ജലനിരപ്പ് ഉയർന്നു. 136 അടിയെത്തിയാൽ ജലം ടണൽ വഴി വൈഗേയി ഡാമിലെത്തിക്കും.

പെരിങ്ങൽക്കുത്ത് ഡാമിന്റെ ഷട്ടറുകൾ തുറന്നു. ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് ലെവലിലേക്ക് ഉയർന്നു. പറമ്പിക്കുളം, ആലിയാർ അണക്കെട്ടുകൾ തുറക്കുന്നതിന് മുമ്പ് കേരളത്തെ അറിയിക്കണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകളും പേപ്പാറ ഡാമും തുറന്നു. തിരുവനന്തപുരം ജില്ലയിൽ 37 വീടുകൾ പൂർണമായി തകർന്നു. 5384 ഹെക്ടർ കൃഷി നശിച്ചു.

വെള്ളപ്പൊക്ക സാധ്യത മുന്നിൽകണ്ട് കൊല്ലത്ത് നിന്ന് മത്സ്യത്തൊഴിലാളികൾ പത്തനംതിട്ടയിലേക്ക് പുറപ്പെട്ടു. പത്ത് വള്ളം, 20 തൊഴിലാളികൾ എന്നിങ്ങനെയാണ് പുറപ്പെട്ടത്. പമ്പ ഡാം തുറക്കാൻ സാധ്യതയുണ്ട്. പത്തനംതിട്ടയിൽ 51 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മൂഴിയാറിന്റെയും മണിയാറിന്റെയും സ്പിൽവേ തുറന്നു. കക്കി ഡാമിൽ മണ്ണിടിഞ്ഞു.

പമ്പയുടെ കൈവഴി തീരപ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കും. ചാലക്കുടിയിൽ ആറ് ക്യാമ്പ് തുറന്നു. 139 പേർ നിലവിൽ ഇവിടെയുണ്ട്. വാളയാർ ഡാം തുറക്കുമെന്ന് മുന്നറിയിപ്പ് നൽകി. ഈ മേഖലയിലെ മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് 327 കുടുംബങ്ങളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റും. പ്രളയസാധ്യത പ്രദേശങ്ങളിൽ 250 ബോട്ടുകൾ എത്തിച്ചു. ഒൻപതിടത്ത് രക്ഷാപ്രവർത്തകരെ വിന്യസിച്ചു. വയനാട്ടിൽ 77 ക്യാമ്പുകൾ ആരംഭിച്ചു

മഴ തുടർന്നാൽ ബാണാസുര സാഗർ ഡാം തുറക്കേണ്ടി വരും. പനമരം പുഴയിലെ പ്രളയം ഒഴിവാക്കാൻ കാരാപ്പുഴ ഡാമിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴിവാക്കണം. കാസർകോട് കൊന്നക്കാട് വനത്തിൽ മണ്ണിടിഞ്ഞു. ചൈത്രവാഹിനി പുഴ കരകവിഞ്ഞു. കാര്യങ്കോട് പുഴയിൽ വെള്ളം ഉയർന്നേക്കും.

Share this story