കരിപ്പൂർ വിമാനപകടം; ക്യാപ്റ്റന്‍ ദീപക് സാത്തേയുടെ മൃതദേഹം മുംബൈയിലെത്തിച്ചു

കരിപ്പൂർ വിമാനപകടം; ക്യാപ്റ്റന്‍ ദീപക് സാത്തേയുടെ മൃതദേഹം മുംബൈയിലെത്തിച്ചു

മുംബൈ: കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് ലാൻഡിങ്ങിനിടെ തകർന്നുണ്ടായ ദുരന്തത്തിൽ മരിച്ച ക്യാപ്റ്റൻ ദീപക് വസന്ത് സാത്തേയുടെ മൃതദേഹം മുംബൈയിലെത്തിച്ചു. സംസ്‌കാരം ഓഗസ്ത് 11ന് മുംബൈയിലെ ചാന്ദീവാലിയില്‍ നടക്കും.

മുംബൈ വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടില്‍ എത്തിച്ച മൃതദേഹം ബാബ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സാത്തേയുടെ ഭാര്യ സുഷമയും ഒരു മകനും വിമാനത്താവളത്തില്‍ നിന്നും ബാബ ആശുപത്രിയിലേക്ക് മൃതദേഹത്തെ അനുഗമിച്ചു. സാത്തേയുടെ ഒരു മകന്‍ തിങ്കളാഴ്ചയോടെ അമേരിക്കയില്‍ നിന്നും മുംബൈയിലെത്തും. തുടര്‍ന്നാവും സംസ്‌കാര ചടങ്ങുകള്‍. മുംബൈ വിമാനത്താവളത്തിലും കൊച്ചിയിലും എയര്‍ ഇന്ത്യയുടെ പൈലറ്റുമാരും ജീവനക്കാരും സാത്തേയ്ക്ക് ആദരാജ്ഞലി അര്‍പ്പിച്ചു.

അതേസമയം, ശവസംസ്‌കാര ചടങ്ങുകളുടെ സമയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സാത്തേയുടെ ബന്ധുക്കള്‍ പ്രതികരിച്ചില്ല. തങ്ങള്‍ക്ക് അല്‍പം സ്വകാര്യത തരണമെന്നും കൂടുതല്‍ കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും സാത്തേയുടെ ബന്ധുക്കളിലൊരാള്‍ പറഞ്ഞു.

എയർ ഇന്ത്യയിൽ ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് വ്യോമസേന കമാൻഡറായിരുന്ന സാത്തേ നിരവധി തവണ സൈനിക വിമാനങ്ങൾ പറത്തി അനുഭവ സമ്പത്തുള്ളയാളാണ്. ബോയിങ് 737 വിമാനങ്ങൾ വരെ പറത്തി പരിചയമുള്ള സാത്തേ മികവിനുള്ള പുരസ്കാരവും നേടിയിട്ടുണ്ട്. വ്യോമസേനയില്‍ 12 വര്‍ഷത്തെ സേവനത്തിന് ശേഷം വളണ്ടറി റിട്ടയര്‍മെന്റ് എടുത്താണ് ക്യാപ്റ്റന്‍ ദീപക് വി സാത്തേ എയര്‍ ഇന്ത്യയില്‍ പ്രവേശിച്ചത്.

വ്യോമസേനക്ക് വേണ്ടി എയർബസ് 310എയും സാത്തേ പറത്തിയിട്ടുണ്ട്. എയർഫോഴ്സ് അക്കാദമിയിൽ നിന്ന് മികവിനുള്ള സ്വോഡ് ഓഫ് ഹോണർ ബഹുമതിയും ലഭിച്ചു. ദീപക് സാത്തേയും സഹ പൈലറ്റും ഉൾപ്പെടെ ആകെ 19 പേരാണ് അപകടത്തിൽ മരിച്ചത്

Share this story