ഇ.ഐ.എ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും; പല നിർദേശങ്ങളോടും യോജിക്കാനാകില്ലെന്ന് മുഖ്യമന്ത്രി

ഇ.ഐ.എ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും; പല നിർദേശങ്ങളോടും യോജിക്കാനാകില്ലെന്ന് മുഖ്യമന്ത്രി

പരിസ്ഥിതി ആഘാത വിജ്ഞാപനത്തിന്റെ കരട് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പല നിർദേശങ്ങളോടും യോജിക്കാനാകില്ലെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായും കൂടുതൽ ചർച്ച നടത്തി മാത്രമേ അന്തിമ തീരുമാനം എടുക്കാവൂ.

സംസ്ഥാനത്തിന്റെ സാഹചര്യം പരിഗണിച്ച് ചില കാര്യങ്ങളിൽ മാറ്റം വേണമെന്ന് പ്രത്യേകമായി പറയുന്നുണ്ട്. ഖനനാനുതിയുമായി ബന്ധപ്പെട്ട് ഇടത്തരം വിഭാഗത്തിലെ അഞ്ച് ഹെക്ടറിൽ തുടങ്ങി നൂറ് ഹെക്ടർ വരെയെന്നാണ് കിടക്കുന്നത്. ഇതിന് അനുമതി നൽകുമ്പോൾ പരിസ്ഥിതി ക്ലിയറൻസ് വേണം. ഇതിലെ അഞ്ച് ഹെക്ടർ രണ്ട് ഹെക്ടറായി ഭേദഗതി ചെയ്യണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. രണ്ട് ഹെക്ടറിന് താഴെ നിലവിലെ ആനുകൂല്യം തുടരും

പദ്ധതികളുടെ അനുമതിക്ക് മുമ്പ് പബ്ലിക് ഹിയറിംഗിനായി നിലവിൽ അനുവദിച്ചിട്ടുള്ള സമയം പുതിയ കരട് വിജ്ഞാപനത്തിൽ 20 ദിവസമായി കുറച്ചിട്ടുണ്ട്. ഇത് 30 ദിവസമായി നിലനിർത്തണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.

ചെറുകിട പദ്ധതികൾക്ക് അനുമതി നൽകുന്നതിന് മുമ്പുള്ള വിശദമായ പരിശോധന നടത്തുന്ന സംവിധാനമായിരുന്നു ജില്ലാ പാരിസ്ഥിതിക ആഘാത സമിതികൾ. ഇതിന് പുറമെ സംസ്ഥാന തലത്തിൽ കൈകാര്യം ചെയ്യേണ്ട അപേക്ഷകളിൽ ജില്ലാതല സമിതികൾക്ക് നിർണായക പങ്കുണ്ട്. എന്നാൽ ഈ സമിതികളെ കരട് വിജ്ഞാപനത്തിൽ നിന്ന് ഒഴിവാക്കുകയാണ് ചെയ്തിരിക്കുന്നത്. ജില്ലാതല സമിതികളെ നിലനിർത്തണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു

Share this story